കരുനാഗപ്പള്ളി: ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയ മൂന്നു പേരെ നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചു.
കുലശേഖരപുരം കോട്ടക്കുപുറം അമ്പീ ലേത്ത് ഭഗവതീ ക്ഷേത്രത്തിലെ ഉപദേവന്മാരുടെ മുന്നിൽ സ്ഥാപിച്ചിരുന്ന അഞ്ച് കാണിക്കവഞ്ചികൾ തകർത്താണ് മോഷണം നടത്തിയത്.
ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. അടുത്ത ദിവസം ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടത്.തുടർന്ന് സി സി ടി വി പരിശോധിച്ചപ്പോൾ ലഭിച്ച ചിത്രം വെച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞത്.
ക്ഷേത്രത്തിന് സമീപത്തായി വാടകയ്ക്കു താമസിക്കുന്ന സന്തോഷ്, അയാളുടെ സഹോദരൻ ബ്ലേഡ് അയ്യപ്പൻ, സമീപവാസി ആയ ശ്യാം എന്നിവരെയാണ് പിടികൂടിയത്.
മോഷണം നടത്തേണ്ട സ്ഥലം കണ്ടെത്തിയ ശേഷം സന്തോഷ് സഹോദരനെ വിളിച്ചു വരുത്തി മോഷണം നടത്തുക ആയിരുന്നു പതിവ്.ഇത്തരത്തിൽ നിരവധി ക്ഷേത്രങ്ങളിൽ ഇവർ മോഷണം നടത്തിയതായിട്ടാണ് അറിയുന്നത്.
തെങ്ങുകയറുന്ന ജോലി ചെയ്യുന്ന സന്തോഷിനെ തേങ്ങാ ഇടാനുണ്ടെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിൻ്റെ ചുരുൾ അഴിയുന്നത്.തുടർന്ന് സന്തോഷിൻ്റെ വീട്ടിൽ നിന്നും ബ്ലേഡ് അയ്യപ്പനേയും പിടികൂടി.പോലിസിൽ ഏൽപ്പിച്ചു.ഇരുപത്തി അയ്യായിരത്തിലധികം രൂപയും നിലവിളക്കുകളും നഷ്ടമായതായി പറയുന്നു. ക്ഷേത്ര ഭാരവാഹികളായ കൃഷ്ണൻകുട്ടി, മനോജ്, ലീലാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ പിടികൂടി പോലിസിൽ ഏൽപിച്ചത്. മൂന്ന്പ്രതികളേയും കോടതി റിമാൻഡ് ചെയ്തു.
































