കൊല്ലം. ഹെൽമെറ്റ് ധരിക്കാത്തതിന് യുവാവിന് പോലീസ് മർദ്ദനം. എഴുകോൺ എസ് ഐയാണ് ബൈക്കിലെത്തിയ യുവാവിനെ മർദ്ദിച്ചത്. പരിക്കേറ്റ ദേവനാരായണൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ.
ഇന്ന് രാവിലെ 10 മണിയ്ക്ക് എഴുകോൺ പവിത്രേശ്വരം ക്ഷേത്രത്തിന് സമീപവെച്ചായിരുന്നു മർദ്ദനം ഉണ്ടായത്. ബൈക്കിൽ എത്തിയ ദേവനാരായണനും, സുഹൃത്തും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. പിന്നാലെ എത്തിയ പോലീസ് ബൈക്കിന് കുറുകെ വാഹനം നിർത്തി യുവാവിനെ മർദ്ദിക്കുകയായിരുന്നു.
എഴുകോൺ എസ് ഐയാണ് യുവാക്കളെ അതിക്രൂരമായി മർദ്ദിച്ചത്. കോളേജിലേക്ക് പോകുന്നതിനിടെയാണ് പോലീസിന്റെ മർദ്ദനം ഉണ്ടായതെന്ന് ദേവനാരായണൻ പറഞ്ഞു.
പരിക്കുപറ്റിയ ദേവനാരായണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മർദ്ദിച്ചിട്ടില്ല എന്നും ജീപ്പിൽ വരുന്നതിനിടെ ഹെൽമെറ്റ് ധരിക്കാത്ത യുവാക്കളെ കണ്ട് ഹെൽമറ്റ് ധരിക്കാഞ്ഞത് എന്ത് എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് എഴുകോൺ പോലീസിന്റെ വിശദീകരണം.
അതേ സമയം നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് ദേവനാരായണൻ്റെ തീരുമാനം.






































