ശാസ്താംകോട്ട:ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ നിരവധി നൂതന പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കിയതിലൂടെ വലിയ വികസന കുതിപ്പാണ് നടത്തിയതെന്ന് പ്രസിഡന്റ് ആർ.സുന്ദരേശൻ,വൈസ് പ്രസിഡൻ്റ് പി.പുഷ്പകുമാരി,മുൻ പ്രസിഡൻ്റ് അഡ്വ.അൻസർഷാഫി,സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷരായ കെ.സനിൽകുമാർ,വി.രതീഷ്,പ്രതിപക്ഷ നേതാവ് വൈ.ഷാജഹാൻ,സെക്രട്ടറി സുചിത്രാദേവി.എം എന്നിവർ പറഞ്ഞു.ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായി ആർദ്ര
കേരള പുരസ്കാരം,കായകൽപം അവാർഡ് എന്നിവ ലഭിച്ചു.താലൂക്കാശുപത്രി വികസനത്തിനായി സർക്കാരിൽ നിന്നും 80 സെൻ്റ് സ്ഥലം ലഭ്യമാക്കി.താലൂക്കാശുപത്രി,ശൂരനാട്,മൈനാഗപ്പള്ളി സി.എച്ച്.സികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഈ ആശുപത്രികളിലൂടെ 7 പഞ്ചായത്തുകളിലും ലഭ്യമാക്കും വിധത്തിൽ സാന്ത്വന പരിചരണം നടപ്പാക്കി.ഇ.വി കൃഷ്ണപിള സ്മാരക ഗ്രന്ഥശാല സ്ഥാപിക്കുകയും
ബ്ലോക്ക് ഹാളിന് ഡോ.ശൂരനാട് കുഞ്ഞൻ പിള്ളയുടെ നാമധേയം നൽകുകയും ചെയ്തു.ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും പരിചരണത്തിന് പരിനീർപ്പൂവിനെ വരവേൽക്കാം പദ്ധതി നടപ്പാക്കി.ശാസ്താംകോട്ട,പോരുവഴി, കുന്നത്തൂർ പ്രീമെട്രിക് ഹോസ്റ്റുകളിലെ അടിസ്ഥാന സൗകര്യങ്ങൾ,ഓപ്പൺ ജിം,പച്ചക്കറി തോട്ടം എന്നിവ നടപ്പാക്കുകയും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഹോസ്റ്റുകളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.ശാസ്താംകോട്ട,മലനട, കടപുഴ,ഭരണിക്കാവ് സ്റ്റാൻ്റ്,പതാരം എന്നിവിടങ്ങളിൽ വാട്ടർ എടിഎം സ്ഥാപിച്ചു.ക്ഷീര കർഷകർക്കായി ക്ഷീരധാര പദ്ധതി,പാലിന് സബ്സിഡി, കാലിത്തിറ്റ സബ്സിഡി,കറവയന്ത്രം,ചാണകം ഉണക്കി പൊടിക്കുന്ന യൂണിറ്റുകൾക്ക് സഹായം എന്നിവ ലഭ്യമാക്കി.തൊഴിൽ അന്വേഷകർക്ക് നൈപുണ്യ പരിശീലനം,ജില്ലയിൽ ആദ്യത്തെ ജോബ് സ്റ്റേഷൻ,തൊഴിൽമേള എന്നിവ സംഘടിപ്പിച്ചു.കുന്നത്തൂരിൽ പട്ടികജാതി വിഭാഗത്തിലെ സ്വയം തൊഴിൽ സംരഭകർക്കായി ക്വസ്റ്റർ കേന്ദ്രം സ്ഥാപിക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണ്.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തുടർച്ചയായി 2 വർഷം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.വയോജന കലോത്സവം,ഭിന്നശേഷി കലോത്സവം,1995 മുതലുള്ള ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധി സംഗമം,ബ്ലോക്ക് പരിധിയിലെ നിലവിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സംഗമവും കലാമേളയും വേറിട്ടതായി.ഇക്കാലയളവിലെ വികസന രേഖകളുടെ പ്രകാശനവും വാർഷിക പദ്ധതി ആനുകൂല്യ വിതരണവും 30ന് രാവിലെ 10ന് നടക്കും.നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.ആനുകൂല്യ വിതരണവും ആദരിക്കലും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ നിർവഹിക്കും.






































