ശാസ്താംകോട്ട:തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സീറ്റ് തർക്കത്തെ തുടർന്ന് ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റും കേരള കോൺഗ്രസ് (എം) സംസ്ഥാന നേതാവും പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷനുമായ ഉഷാലയം ശിവരാജന് (58) നേരേ ആക്രമണം.ഞായർ രാത്രി 9.30 ഓടെ ആദിക്കാട്ട് മുക്കിൽ വച്ചായിരുന്നു സംഭവം.ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ഉഷാലയം ശിവരാജനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സഹോദരി ഭർത്താവ് ബിജു (48)വാണ് ആക്രമണം നടത്തിയത്, ശാസ്താംകോട്ട
പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഉഷാലയത്തിൻ്റെ സഹോദരിയും മുൻ മെമ്പറുമായ ഉഷയെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതത്രേ.സഹോദരിയും ഭർത്താവും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി പറയപ്പെടുന്നു.ഉഷയെ വീണ്ടും മത്സരിപ്പിക്കാൻ പറ്റില്ലെന്ന് ആക്രോശിച്ചു കൊണ്ട് ആദിക്കാട്ട് മുക്കിൽ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി എത്തിയ ഉഷാലയം ശിവരാജനെ ഇയ്യാൾ ആക്രമിക്കുകയായിരുന്നു.കൈയ്യിൽ കരുതിയിരുന്ന തേപ്പ് കരണ്ടി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു.പരിക്കേറ്റ് നിലത്തു വീണ ഇദ്ദേഹത്തെ ഉടൻ തന്നെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.അതിനിടെ ഉഷാലയം ശിവരാജനെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ ബിജു ഒളിവിലാണെന്നും ഇയ്യാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും ശാസ്താംകോട്ട എസ്എച്ച്ഒ അനീസ് അറിയിച്ചു.






































