കൊല്ലം : കൊല്ലം–ചിന്നക്കട–പുനലൂർ–ഇടമൺ ഭാഗം ഉൾപ്പെടുന്ന ദേശീയപാത 744-നെ (NH 744) കുറഞ്ഞത് 30 മീറ്റർ വീതിയുള്ള നാലുവരിയായി (4-ലെയിൻ സ്റ്റാൻഡേഡ്) വികസിപ്പിക്കണമെന്ന് എം.പി. കൊടിക്കുന്നിൽ സുരേഷ്. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി.
തീവ്രമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളും മൂലം ജനജീവിതം പ്രതിസന്ധിയിലായിരിക്കുന്ന ഈ പാതയുടെ വികസനം അടിയന്തിരമായി ആരംഭിക്കണമെന്ന് എം.പി. കത്തിൽ ആവശ്യപ്പെട്ടു. കുണ്ടറ, കോട്ടാരക്കര എന്നീ നഗരഭാഗങ്ങളിലൂടെ കടന്നുപോകുന്ന ഈ പാതയിൽ യാത്രാ സൗകര്യങ്ങൾ ഗുരുതരമായി ബാധിക്കപ്പെട്ടിരിക്കുന്നതായി എം.പി. ചൂണ്ടിക്കാട്ടി.
വേഗത്തിൽ നഗരവൽക്കരണമുണ്ടാകുകയും യാത്രക്കാരും ചരക്ക് വാഹനങ്ങളും നിരന്തരമായി സഞ്ചരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിലവിൽ പരിഗണിച്ചിട്ടുള്ള 30 മീറ്ററിനു താഴെയുള്ള വീതിയിലുള്ള വികസന പദ്ധതികൾ സാങ്കേതികമായും പ്രായോഗികമായും നിലനിൽക്കില്ലെന്ന് എം.പി. വ്യക്തമാക്കി. ഉയർന്ന ഗതാഗതസമ്മർദ്ദം കണക്കിലെടുത്ത് ഭാവിയിലെ വികസന ആവശ്യങ്ങൾക്കും സുരക്ഷാ നിലവാരത്തിനും 30 മീറ്റർ വീതിയുള്ള നാലുവരിയുള്ള റോഡ് മാത്രമേ യുക്തമായ പരിഹാരമാകൂവെന്നും എം.പി. കൂട്ടിച്ചേർത്തു. നേരത്തെ റോഡ് വികസനം 30 മീറ്ററിൽ തന്നെ നടത്തുമെന്ന് മന്ത്രി ഉറപ്പു നൽകിയതാണ് എന്നാൽ സംസ്ഥാന സർക്കാർ കേവലം 10 മീറ്ററിൽ മാത്രം റോഡ് വികസനം മതിയെന്ന് നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാൻ ആകില്ല.
നഗരമധ്യങ്ങളിലെ ഗതാഗത തടസ്സങ്ങൾ കുറയ്ക്കുന്നതിനായി കോട്ടാരക്കരയിലും കുണ്ടറയിലും ബൈപാസ് പാതകൾ ഉൾപ്പെടുത്തണമെന്നും എം.പി. ആവശ്യപ്പെട്ടു. ഇതിലൂടെ നഗര ഗതാഗതം തടസ്സരഹിതമാക്കാനും അപകടസാധ്യതകൾ കുറയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തീർത്ഥാടന, വ്യവസായ, വ്യാപാര ഗതാഗതത്തിന് പ്രധാന പാത
കൊല്ലം തീരപ്രദേശത്തെയും പത്തനാപുരം, തമിഴ്നാട് എന്നിവിടങ്ങളിലെ മലനിരകളെയും ബന്ധിപ്പിക്കുന്ന ഈ പാത ദക്ഷിണകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പാതകളിലൊന്നാണെന്ന് എം.പി. ഓർമ്മിപ്പിച്ചു. ശബരിമല തീർത്ഥാടനകാലത്ത് ഈ പാതയിലൂടെ ആയിരക്കണക്കിന് തീർത്ഥാടകർ സഞ്ചരിക്കുന്നതിനാൽ അതിന്റെ വികസനം അടിയന്തിര പ്രാധാന്യമർഹിക്കുന്നതാണെന്നും എം.പി. കത്തിൽ വ്യക്തമാക്കി.
ഗതാഗത–പാതമന്ത്രാലയവും (MoRTH), ദേശീയ പാത അതോറിറ്റിയും (NHAI) ഈ പദ്ധതിയെ അത്യാവശ്യ പരിഗണനയിൽ എടുത്ത് 30 മീറ്റർ വീതിയുള്ള നാലുവരിയായി വികസിപ്പിക്കണമെന്നും ആവശ്യമായ ബൈപാസ് മാർഗങ്ങൾ ഉൾപ്പെടുത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു.






































