ജീവനക്കാരുടെ അഭാവം;കുന്നത്തൂർ ജെ.ആർ.ടി ഓഫീസിൻ്റെ പ്രവർത്തനം അവതാളത്തിൽ

Advertisement


ശാസ്താംകോട്ട:പ്രധാന തസ്തികയിൽ ഉൾപ്പെടെ ജീവനക്കാർ ഇല്ലാതായതോടെ കുന്നത്തൂർ ജോയിൻ്റ് ആർ.ടി ഓഫീസിൻ്റെ പ്രവർത്തനം അവതാളത്തിൽ.ആർ.ടി.ഒ സ്ഥലം മാറി പോയിട്ട് 2 മാസം പിന്നിട്ടിട്ടും പകരം നിയമനം നടന്നിട്ടില്ല.രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടമാരിൽ ഒരാളെ എംഎൽഎ നേരിട്ട് ഇടപെട്ട് ആഴ്ചകൾക്ക് മുൻപ് കൊല്ലത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു.ഭരണിക്കാവിലെ ബസ് സ്റ്റാൻഡിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ നിർദ്ദേശപ്രകാരം നടപടിയെടുത്ത ഉദ്യോഗസ്ഥനെയാണ്,ചിലരുടെ പരാതിയെ തുടർന്ന് വകുപ്പ് മന്ത്രിക്ക് പരാതി നൽകി സ്ഥലം മാറ്റിച്ചത്.കരുനാഗപ്പള്ളി ജെ.ആർ.ടി.ഒയ്ക്ക് കുന്നത്തൂരിൻ്റെ അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് എത്തുന്നത്.ഇതിനാൽ ഫയൽ വർക്കുകൾ പോലും കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്.ഡ്രൈവിങ് ടെസ്റ്റുകൾ,വാഹന പരിശോധന അടക്കം മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്.ആർ.ടി.ഒ നേരിട്ട് നടത്തേണ്ടുന്ന ഹെവി ഡ്രൈവിങ് ടെസ്റ്റ് പൂർണമായും മുടങ്ങിയിരിക്കയാണ്.ലൈസൻസ് പുതുക്കൽ,വാഹനങ്ങളുടെ ആർ.സി ബുക്ക് സംബന്ധമായ കാര്യങ്ങൾ എന്നിവയും യഥാസമയം നടക്കുന്നില്ല.ഇതിനൊപ്പം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ അടിയന്തിരഘട്ടങ്ങളിൽ പോലും ഓടിയെത്താൻ ജീവനക്കാരില്ലാത്ത അവസ്ഥയാണ്.ആകെയുള്ള എം.വി.ഐയെ കൊണ്ട് മുഴുവൻ കാര്യങ്ങളും കാര്യക്ഷമമായി കൊണ്ടു പോകാൻ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടും ജീവനക്കാരെ നിയമിക്കുവാൻ മോട്ടോർ വാഹന വകുപ്പും എംഎൽഎയും അലംഭാവം കാട്ടുന്നുവെന്ന ആക്ഷേപം ശക്തമാണ്. ജീവനക്കാരെ അടിയന്തിരമായി നിയമിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾ ആരംഭിക്കുമെന്നും കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് സെക്രട്ടറി എം.എ സമീർ മുന്നറിയിപ്പ് നൽകി.

Advertisement