ശാസ്താംകോട്ട:സ്കൂളിൽ നിന്ന് നൽകിയ അയൺ ഗുളിക അമിതമായി കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്
6 വിദ്യാർത്ഥികള്‍ ആശുപത്രിയിൽ ചികില്‍സതേടി.മൈനാഗപ്പള്ളി ഐസിഎസ് മിലാദേ ഷെരീഫ് ബോയ്സ് സ്കൂളിലാണ് സംഭവം.വർഷത്തിൽ രണ്ട് തവണ സ്കൂളുകൾ വഴി ആരോഗ്യവകുപ്പ് വിദ്യാർത്ഥികൾക്ക് അയൺ ഗുളിക നൽകുന്ന പതിവുണ്ട്.ഇത്തരത്തിൽ വിതരണം ചെയ്ത ഗുളിക തമാശയായി മറ്റുകുട്ടികളില്‍നിന്നും വാങ്ങിയും മറ്റും അമിതമായി കഴിച്ച കുട്ടികൾക്കാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.ചൊവ്വാഴ്ച ഉച്ചയോടെ ആണ് സംഭവം.ഛർദ്ദി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ വിവരം തിരക്കിയപ്പോഴാണ് അമിത അളവിൽ ഗുളിക കഴിച്ച വിവരമറിയുന്നത്.ഉടൻ തന്നെ കുട്ടികളെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രഥമ ശ്രുശൂക്ഷ നൽകിയ ശേഷം രണ്ട് പേരെ ജില്ലാ ആശുപത്രിയിലും 4 പേരെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.






































