ശാസ്താംകോട്ട:ഉപജില്ലാ സ്കൂൾ കലോത്സവ നടത്തിപ്പിനായി സബ് കമ്മിറ്റികൾ വീതം വെച്ചതിൽ തർക്കം.കഴിഞ്ഞ ദിവസം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിളിച്ച അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തർക്കം ഉടലെടുത്തത്.പ്രോഗ്രാം കമ്മിറ്റിയെ സംബന്ധിച്ചാണ് പ്രധാനമായും തർക്കമുണ്ടായത്.ഈ മാസം എട്ടാം തീയതി എഇഒ വിളിച്ചുചേർത്ത യോഗത്തിലും പ്രോഗ്രാം കമ്മിറ്റിയെ ചൊല്ലി തീരുമാനമാകാതെ പിരിയുകയായിരുന്നു.ഭരണപക്ഷാനുകൂല സംഘടനയായ കെഎസ്ടിഎയും പ്രതിപക്ഷ സംഘടനയായ കെപിഎസ്ടിഎയും മാറിമാറി പ്രോഗ്രാം കമ്മിറ്റി കൈകാര്യം ചെയ്ത് വരുന്ന രീതിയാണ് തുടർന്നു വരുന്നത്.എന്നാൽ ഇക്കുറി ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് പ്രോഗ്രാം കമ്മിറ്റിയിൽ ആവശ്യം ഉന്നയിച്ചതാണ് തർക്കത്തിന് കാരണം.2023 ൽ പോരുവഴി അമ്പലത്തുംഭാഗം ജയജ്യോതി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല കെപിഎസ്ടിഎയ്ക്കായിരുന്നു.അന്ന് ഫലപ്രഖ്യാപനത്തിൽ തിരിമറി നടത്തിയെന്ന ആക്ഷേപം നേരിട്ടവർക്ക് വീണ്ടും പ്രോഗ്രാം കമ്മിറ്റി നൽകുന്നതിനെ അധ്യാപക പരിഷത്ത് ശക്തമായി എതിർത്തു.എന്നാൽ എതിർപ്പിനെ അവഗണിച്ച് കെപിഎസ്ടിഎ യ്ക്ക് പ്രോഗ്രാം കമ്മിറ്റി നൽകാനുള്ള എഇഒയുടെ നീക്കത്തിൽ പ്രതിഷേധിച്ച് എൻടിയു പ്രതിനിധി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.കഴിഞ്ഞ തവണ കുന്നത്തൂർ അംബികോദയം ഹയർ സെക്കൻ്ററി സ്കൂളിൽ കെഎസ്ടിഎയുടെ ചുമതലയിൽ നടന്ന കലോത്സവത്തിലും പരാതി പ്രവാഹമായിരുന്നു.






































