കുന്നത്തൂർ:ഞാങ്കടവ് – പ്ലാമുക്ക് റോഡിൽ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് അതിനുള്ള അവസരമൊരുക്കി പൊതുമരാമത്ത് വകുപ്പ് കാത്തിരിക്കുന്നു.തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡ് മഴയായതോടെ തോടായി മാറിയിട്ടുണ്ട്.റോഡിലെ കുഴികൾക്ക് നടുവിലെ ടാർ വരമ്പിലൂടെ ഇരുചക്ര വാഹനയാത്രികർക്ക് സാഹസികമായി സഞ്ചരിക്കാം.വലിയ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് തുഴച്ചിൽ വശമുണ്ടെങ്കിൽ കടന്നു പോകാം.പ്ലാമുക്കിന് താഴെ മുതൽ
കളിക്കലഴികത്ത് മുക്ക്,ക്ഷീരസംഘം,ഗണപതിയാംമുകൾ, കിച്ചപ്പിള്ളി,ഞാങ്കടവ് തുടങ്ങിയ ഭാഗങ്ങളിൽ രൂപപ്പെട്ട കുഴികൾക്ക് വർഷങ്ങളുടെ പഴക്കമാണുള്ളത്.തിട്ടപ്പെടുത്താൻ കഴിയാത്ത തരത്തിലാണ് കുഴികളുടെ എണ്ണം.ഇരുചക്ര വാഹനയാത്രികർ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നതും വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്.പാകിസ്ഥാൻ മുക്ക് – ഞാങ്കടവ് റോഡ് ആധുനിക രീതിയിൽ നവീകരിക്കുമെന്ന അധികൃതരുടെ വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.പ്രതിഷേധങ്ങളെ തുടർന്ന് പാകിസ്ഥാൻ മുക്ക് മുതൽ പ്ലാമുക്ക് വരെ റോഡ് ഗതാഗതയോഗ്യമാക്കിയെങ്കിലും പ്ലാമുക്ക് മുതൽ ഞാങ്കടവ് വരെ നവീകരിക്കാത്തതാണ് വിനയായിരിക്കുന്നത്.






































