കുന്നത്തൂർ:ജില്ലാ പഞ്ചായത്ത് എസ്.സി/എസ്.ടി പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി രൂപ ചെലവിൽ നിർമ്മിച്ച കുന്നത്തൂർ വനിതാ വ്യവസായ എസ്റ്റേറ്റിൻ്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ബഹിഷ്കരിച്ചു.വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ഉദ്ഘാടനം നിർവഹിച്ചത്.ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടിയാണ് എംഎൽഎ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും പരിപാടിയിൽ പങ്കെടുക്കാതെ വിട്ടുനിന്നത്.പ്രോട്ടോക്കോൾ അനുസരിച്ച് മന്ത്രിമാർ പങ്കെടുക്കുന്ന സർക്കാർ പരിപാടികളിൽ സ്ഥലം എംഎൽഎയാണ് അധ്യക്ഷനാകേണ്ടത്.എന്നാൽ ഇതിനു വിരുദ്ധമായി കുന്നത്തൂർ ഡിവിഷൻ അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി.കെ ഗോപനെയാണ് അധ്യക്ഷനായി നിശ്ചയിച്ചത്.ഓഫീസ് ഉദ്ഘാടനമാണ് എംഎൽഎയ്ക്ക് നൽകിയിരുന്നത്.ഇതാണ് എംഎൽഎയെ ചൊടിപ്പിച്ചത്.സംഘാടക സമിതിയിലും എംഎൽഎയെ ഉൾപ്പെടുത്തിയിരുന്നില്ല.എന്നാൽ
പ്രോട്ടോക്കോൾ ലംഘനം ശ്രദ്ധിക്കാതെ എംഎൽഎ പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു.അദ്ദേഹത്തിൻ്റെ പാർട്ടിയായ ആർഎസ്പി (എൽ) കുന്നത്തൂർ ലോക്കൽ കമ്മിറ്റി ഭാരവാഹികളാണ് പ്രോട്ടോക്കോൾ ലംഘനം അദ്ദേഹത്തെ ധരിപ്പിച്ചിച്ചതും പങ്കെടുക്കരുതെന്ന് കർശന നിർദ്ദേശം നൽകിയതും.നിർദ്ദേശം ലംഘിച്ച് പങ്കെടുക്കുകയാണെങ്കിൽ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ ഉൾപ്പെടെ പ്രവർത്തകരും നേതാക്കളും കൂട്ടരാജി ഭീഷണിയും മുഴക്കിയതായി സൂചനയുണ്ട്.പരിപാടിയുമായി ബന്ധപ്പെട്ട് ഇറക്കിയ നോട്ടീസിൽ ആർഎസ്പി (എൽ) പ്രതിനിധികള ഉൾപ്പെടുത്താതിരുന്നതും വിവാദമായിരുന്നു.തുടർന്ന് പ്രതിഷേധം ശക്തമായതോടെ ഇവരെ ഉൾപ്പെടുത്തി വീണ്ടും നോട്ടീസ് പ്രസിദ്ധീകരിക്കുകയായിരുന്നു. ആർഎസ്പി (എൽ) എൽ.സി ഭാരവാഹികളും പരിപാടിയിൽ പങ്കെടുക്കാതെ വിട്ടുനിന്നു.മരണത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് പോകുകയാണെന്നാണ് എംഎൽഎ സംഘാടകരെ അറിയിച്ചത്.അതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വാങ്ങിയതിൽ ഉൾപ്പെടെ വലിയ അഴിമതി നടന്നതായുള്ള ആക്ഷേപം ശക്തമാണ്.






































