കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിൻ്റെ തീരുമാനത്തിന് പുല്ലുവില നൽകി
പാകിസ്ഥാൻ മുക്ക് എന്ന പേരെഴുതിയ ബോർഡ് സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ്.മേഖലയിലെ റോഡ് നിർമ്മാണം ആദ്യഘട്ടത്തിൽ പ്ലാമുക്ക് വരെ പൂർത്തിയായപ്പോഴാണ്,അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടങ്ങിയ ബോർഡ് സ്ഥാപിച്ചത്.ഈ ബോർഡിൽ പാകിസ്ഥാൻ മുക്ക് – ഞാങ്കടവ് – പുത്തൂർ റോഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ജമ്മു കാശ്മീരിൽ പാകിസ്ഥാൻ തീവ്രവാദികൾ നടത്തിയ പഹൽഗാം ആക്രമണത്തിന് ശേഷമാണ് കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്ഥാൻ മുക്കിൻ്റെ പേര് മാറ്റണമെന്ന ശക്തമായ ആവശ്യം ഉയർന്നത്.ബിജെപിയുടെ നേതൃത്വത്തിൽ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.ചാനലുകൾ ഉൾപ്പെടെ മുഴുവൻ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെ പേര് മാറ്റാൻ കുനത്തൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.തുടർന്ന് കൊല്ലം – പത്തനംതിട്ട ജില്ലകളുടെയും അടൂർ -കുന്നത്തൂർ താലൂക്കുകളുടെയും കുന്നത്തൂർ -കടമ്പനാട് പഞ്ചായത്തുകളുടെയും അതിർത്തിയിലുള്ള പാകിസ്ഥാൻ മുക്കിൻ്റെ പേര് മാറ്റാൻ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു.പിന്നീട് തീരുമാനം സർക്കാരിന് കൈമാറുകയും ചെയ്തു.എന്നാൽ മാസങ്ങൾ പലത് കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല.എന്നാൽ പകുതിയോളം ഭാഗങ്ങൾ കടമ്പനാട് പഞ്ചായത്തിൻ്റെ അധീനതയിൽ ആയതിനാൽ കുന്നത്തൂർ പഞ്ചായത്തിന് ഏകപക്ഷീയ തീരുമാനം കൈക്കൊള്ളാൻ കഴിയില്ലെന്ന വാദവും ഉയർന്നിരുന്നു.അതിനിടെ പാകിസ്ഥാൻ മുക്ക് എന്നത് പതിറ്റാണ്ടുകളായുളള വിളിപ്പേരാണെന്നും ഔദ്യോഗിക സ്ഥലനാമം അല്ലാത്തതിനാൽ പേര് മാറ്റാൻ അധികൃതർക്ക് കഴിയില്ലെന്നും ചിലർ വാദിക്കുന്നു.






































