മൈനാഗപ്പള്ളിയിലെ ജനപ്രതിനിധികളും നേതാക്കളും കണ്ടില്ലേ കൺമുന്നിൽ രോഗത്തോട് പടവെട്ടി മുഴു പട്ടിണിയിൽ ദിവസങ്ങൾ തള്ളിനീക്കിയ രാധാകൃഷ്ണപിള്ളയെ

Advertisement

ശാസ്താംകോട്ട:കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും കണ്ടില്ലേ നിങ്ങളുടെ കൺമുന്നിൽ രോഗത്തോട് പടവെട്ടി മുഴു പട്ടിണിയിൽ ദിവസങ്ങൾ തള്ളിനീക്കിയ രാധാകൃഷ്ണപിള്ളയെന്ന 55 കാരനെ.അതോ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയായിരുന്നോ?.ഓണത്തിന് മുമ്പ് മുതൽ രാധാകൃഷ്ണപിള്ളയെ നാട്ടിലാരും കണ്ടിട്ടില്ല.വൈകുന്നേരങ്ങളിൽ
വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ചന്ത ജംഗ്ഷനിൽ സജീവമായിരുന്ന രാധാകൃഷ്ണ പിള്ളയെ കാണാതായിട്ടും ആരും അന്വേഷിച്ചില്ല.കുടുംബ ക്ഷേത്രത്തിലെ വിളക്ക് വയ്പും പൂജയും നടത്തുന്നതിലൂടെ കിട്ടുന്ന തുഛമായ വരുമാനമായിരുന്നു ആകെ ഉണ്ടായിരുന്നത്.അരപ്പട്ടിണിയും മുഴുപ്പട്ടിണിയായും ദിവസങ്ങൾ തള്ളിനീക്കിയിട്ടുണ്ട്.ക്ഷയരോഗ ബാധിതനായ രാധാകൃഷ്ണപിള്ള രോഗം കലശലാകുമ്പോൾ പുതിയകാവിലെ നെഞ്ചുരോഗാശുപത്രിയിലേക്ക് പോകും.ചിലപ്പോൾ ദിവസങ്ങളോളം അഡ്മിറ്റാകും.ഇക്കാലയളവിലും ബന്ധുക്കളോ നാട്ടിലെ പ്രമാണിമാരോ അന്വേഷിച്ചിട്ടില്ല.മുൻ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മൂക്കിൻ തുമ്പിലാണ് രാധാകൃഷ്ണ പിള്ള കഴിഞ്ഞു വന്നതെങ്കിലും ക്ഷേമാന്വേഷണം പോലും അദ്ദേഹം നടത്തിയിട്ടില്ല.സമ്പന്നതയിൽ കഴിയുന്ന അടുത്ത ബന്ധുക്കളും അവിവാഹിതനായ രാധാകൃഷ്ണപിള്ളയെ തിരിഞ്ഞു നോക്കിയിട്ടില്ലത്രേ.കോൺഗ്രസ്,സിപിഎം, ബിജെപി,സിപിഐ ഉൾപ്പെടെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ അറിയപ്പെടുന്ന നേതാക്കന്മാരും ജനപ്രതിനിധികളും തിങ്ങിപാർക്കുന്ന മേഖലയായിട്ടും ഒരു നേരത്തെ അന്നത്തിനുള്ള വകയെത്തിക്കാൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ല.കുടുംബവീടിന് പിറകിൽ ചാക്കുകൾ കൊണ്ട് മറച്ച ചെറ്റ കുടിലിലാണ് കഴിഞ്ഞു വന്നത്.ഈ കുടിലിൽ ആകെ ഉണ്ടായിരുന്നത് പഴകിയ ഒരുപിടി അരിയും മുഷിഞ്ഞ കുറച്ച് വസ്ത്രങ്ങളും മാത്രം.രോഗം മൂർച്ചിച്ചപ്പോൾ ആശുപത്രിയിൽ പോകാൻ പോലും കഴിയാനാകാതെ അദ്ദേഹം ഒറ്റപ്പെട്ടു.കൂട്ടിന് പട്ടിണിയും.അബോധാവസ്ഥയിൽ എപ്പോഴോ കൂട്ടിന് മരണവുമെത്തി.ജീർണിച്ച മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു പറിച്ചു ഭക്ഷണമാക്കി.വലിയൊരുഭാഗം കൊണ്ടുപോകവേ മരച്ചുവട്ടിൽ കുടുങ്ങി.അതോടെ നായ്ക്കൾ അതുപേക്ഷിച്ച് മടങ്ങി.മൂന്നാഴ്ച മുമ്പേ പ്രദേശത്ത് അസഹ്യമായ ദുർഗന്ധം വമിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു.പക്ഷേ അന്തെന്താണെന്ന് പോലും അന്വേഷിക്കാൻ അവരും തയ്യാറായില്ല.ഒടുവിൽ നായ്ക്കൾ ഭക്ഷിച്ച മൃതദേഹത്തിൽ ഉണ്ടായിരുന്ന അസ്ഥികൂടം മാത്രമാണ് ഒരു മാസത്തിനു ശേഷം അവർ കണ്ടത്.

Advertisement