ശാസ്താംകോട്ട:ശൂരനാട് പ്രവർത്തിക്കുന്ന ശാസ്താംകോട്ട മാർക്കറ്റിംഗ് സഹകരണ സംഘത്തിൻ്റെ ഉടമസ്ഥതയിലുള്ള കോടികൾ വിലമതിക്കുന്ന ഭൂമി സിപിഎമ്മിൻ്റെ നേതൃത്വത്തിൽ നിയമവിരുദ്ധമായി കൈമാറാൻ ശ്രമം നടക്കുന്നതായി സൂചന.
പുതിയകാവ് – ചക്കുവള്ളി പ്രധാന പാതയിൽ വായനശാല ജംഗ്ഷന് സമീപമുള്ള 1.80 ഏക്കർ ഭൂമിയാണ് കൈമാറാൻ നീക്കം നടക്കുന്നത്.സിപിഎം നിയന്ത്രണത്തിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ശാഖ സ്ഥാപിക്കുന്നതിനാണ് ഭരണസ്വാധീനം ഉപയോഗിച്ച് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നതിന് പിന്നിലെന്നാണ് വിവരം.ഏത് മാർഗവും ഉപയോഗിച്ച് ഭൂമി ആശുപത്രിയുടെ പ്രവർത്തനത്തിനായി ലഭ്യമാക്കുകയാണ് സിപിഎം ലക്ഷ്യം.സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ പ്രവർത്തനമാണ് സിപിഎം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന ആക്ഷേപവും ശക്തമാണ്.
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താതെ 8 വർഷമായി സിപിഎം താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് ഇവിടെ നടന്നു വരുന്നത്.സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരെയാണ് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുന്നത്.ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധമായ തീരുമാനങ്ങൾ എടുപ്പിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതത്രേ.അതിനിടെ കരാർ വ്യവസ്ഥയിലൂടെ ഭൂമി വിട്ടു കിട്ടുന്നതിന് അഡ്മിനിസ്ട്രേറ്റർക്ക് മേൽ വലിയ സമ്മർദ്ദമാണ് സിപിഎം നടത്തുന്നതെന്നാണ് വിവരം.എന്നാൽ നിയമപരമായി ഭൂമി വിട്ടു നൽകുന്നതിന് അഡ്മിനിസ്ട്രേറ്റർക്ക് യാതൊരു അധികാരവുമില്ല.സഹകരണ മേഖലയ്ക്ക് അഭിമാനമായി ഒരു കാലത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സംഘമായിരുന്നു ഇത്.കേരഫെഡിനും നാളികേരഫെഡിനും വേണ്ടി കൊപ്രയും നാളികേരവും സംഭരിച്ചിരുന്നത് ഇവിടെയായിരുന്നു.നൂറിൽപ്പരം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്.എന്നാൽ സംഘത്തിൻ്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി.തുടർന്ന് പ്രവർത്തിക്കാതിരിക്കാൻ സിപിഎം കേന്ദ്രങ്ങളിൽ നിന്നും ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായും വിവരമുണ്ട്.സംഘം ഭൂമി സിപിഎമ്മിന്റെ നിയന്ത്രണത്തിൽ എത്തിക്കാൻ കാലങ്ങളായി സിപിഎം നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.പ്രവർത്തനം നിലച്ചതോടെ സംഘം പ്രവർത്തിച്ചിരുന്ന കെട്ടിടം ജീർണാസ്ഥയിലാകുകയും ഭൂമി കാട് കയറുകയും ചെയ്തിട്ടുണ്ട്.കയ്യേറ്റവും വ്യാപകമാണ്.അതിനിടെ മാർക്കറ്റിംഗ് സൊസൈറ്റിയുടെ രണ്ട് ഏക്കർ വരുന്ന ഭൂമി സ്വകാര്യ ആശുപത്രിക്ക് അനധികൃതമായി കൈമാറുവാനുള്ള സിപിഎമ്മിന്റെ ശ്രമത്തിനെതിരായി ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ.രതീഷ് കുറ്റിയിൽ പറഞ്ഞു.






































