ഭരണിക്കാവ് ബസ് സ്റ്റാൻഡ് യഥാർത്ഥമാക്കിയ കുറ്റത്തിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് എംഎൽഎയുടെ പരാതിയിൽ സ്ഥലംമാറ്റം

Advertisement



ശാസ്താംകോട്ട:ഭരണിക്കാവിലെ ഗതാഗത പരിഷ്ക്കാരങ്ങളുടെ ഭാഗമായി ബസ് സ്റ്റാൻഡ് യഥാർത്ഥമാക്കിയ കുറ്റത്തിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് കുന്നത്തൂർ എംഎൽഎ
കോവൂർ കുഞ്ഞുമോൻ്റെ പരാതിയിൽ സ്ഥലംമാറ്റം.കുന്നത്തൂർ ജെ.ആർ.ടി ഓഫീസിലെ എം.വി.ഐ മുഹമ്മദ് സുജീറിനെയാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാർ നേരിട്ട് ഇടപെട്ട് സ്ഥലം മാറ്റിയത്.കൊല്ലത്തേക്കാണ് മാറ്റം.മുഹമ്മദ് സുജീറിനെതിരെ നടപടി ആവശ്യപ്പെട്ട് എംഎൽഎ മന്ത്രിക്ക് നേരിട്ടാണ് പരാതി നൽകിയത്.ചില വ്യാപാരികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സ്ഥലം മാറ്റിച്ചതെന്നും,ഈ വിഷയത്തിൽ എല്ലാം ചെയ്യിപ്പിച്ചതിന് ശേഷം തന്നെ എംഎൽഎ നിഷ്കരുണം ബലിയാടാക്കിയതായി മുഹമ്മദ് സുജീർ മേലുദ്യോഗസ്ഥരെ അറിയിച്ചതായി പറയപ്പെടുന്നു.ഭരണിക്കാവ് ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിനും ടൗണിലെ അനധീകൃത പാർക്കിംഗിനും പരിഹാരമെന്ന നിലയിൽ എംഎൽഎയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് രണ്ട് മാസം മുമ്പ് പോലീസ് – മോട്ടോർ വാഹന വകുപ്പുകളുടെ നേതൃത്വത്തിൽ രണ്ട് മാസം മുമ്പ് ഗതാഗതപരിഷ്കാരങ്ങൾ നടപ്പാക്കിയത്.ഇതിൽ ഏറ്റവും പ്രധാനം ബസ് സ്റ്റാൻഡിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കിയത് തന്നെയാണ്.എന്നാൽ പരിഷ്ക്കാരത്തിനെതിരെ വ്യാപാരികൾ ശക്തമായ എതിർപ്പുമായി രംഗത്ത് എത്തുകയും ട്രാഫിക് റെഗുലേറ്ററി ചെയർമാൻ കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റിനെ ഉപരോധിക്കുന്നത് അടക്കമുള്ള സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു.ടൗണിലെ ബസ് ബേകളിൽ ബസുകൾ നിർത്തണമെന്നതായിരുന്നു വ്യാപാരികളുടെ പ്രധാന ആവശ്യം.എന്നാൽ ഇത് അംഗീകരിക്കാൻ സ്വകാര്യ ബസുകളുടെ സംഘടനകളും തൊഴിലാളികളും തയ്യാറായില്ല.എന്നാൽ സ്റ്റാൻ്റിൻ്റെ പ്രവർത്തനം കാര്യക്ഷമവും ജനകീയവുമായതോടെ കഴിഞ്ഞ ഓണക്കാലത്ത് മുൻകാലങ്ങളിൽ ഭരണിക്കാവ് പട്ടണം നേരിട്ട രൂക്ഷമായ ഗതാഗത കുരുക്കിൽ നിന്നും മുക്തമാകുകയും ചെയ്തിരുന്നു.ദിവസങ്ങൾക്ക് മുമ്പ് വ്യാപാരികൾക്ക് അനുഭാവം പ്രകടിപ്പിച്ച് സിപിഐ നേതൃത്വത്തിൽ ടൗണിൽ ബസുകൾ തടഞ്ഞത് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

Advertisement