ശാസ്താംകോട്ട. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ഇന്ത്യയിൽ ആദ്യമായി വയോജന കമ്മീഷന് രൂപം നൽകി കേരളം. മുൻ രാജ്യസഭാംഗവും സിപിഐഎം നേതാവുമായ അഡ്വക്കറ്റ് കെ സോമപ്രസാദ് ആണ് കമ്മീഷന്റെ പ്രഥമ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന് തന്നെ മാതൃകയാക്കാൻ കഴിയുന്ന വയോജന ക്ഷേമ സംവിധാനമാണ് കമ്മീഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് സോമപ്രസാദ് പറഞ്ഞു.
വയോജനങ്ങൾക്കായി ഒരു കമ്മീഷൻ എന്ന ഏറെ നാളത്തെ ആവശ്യം ഒടുവിൽ യാഥാർത്ഥ്യമാകുമ്പോൾ അത് കൊല്ലത്തിനും അഭിമാന നിമിഷമാണ്. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മുൻപ്രസിഡന്റ് കൂടിയായ അഡ്വക്കേറ്റ് കെ സോമപ്രസാദ് കമ്മീഷന്റെ പ്രഥമ ചെയർപേഴ്സൺ പദവിയിലേക്കെത്തുമ്പോൾ ഭരണിക്കാവ് എന്ന നാടിനുമത് ചരിത്ര നിമിഷം. സർക്കാരിന്റെ വയോജനനയം പരിഗണിച്ചു മികച്ച പ്രവർത്തനങ്ങളിലൂടെ വയോജനക്ഷേമം ഉറപ്പുവരുത്തുമെന്നും ഇതിനായി സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം ശേഖരിക്കാനാണ് കമ്മീഷന്റെ ആദ്യ ശ്രമമെന്നും കെ സോമപ്രസാദ്
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനമാരംഭിച്ച സോമപ്രസാദ്,നയനാർ മന്ത്രിസഭയിലെ തദ്ദേശ വകുപ്പ്മന്ത്രി വി ജെ തങ്കപ്പന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം വാട്ടർ അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. സിപിഐഎം പോഷക സംഘടനയായ പട്ടികജാതി ക്ഷേമ സമിതിയുടെ സെക്രട്ടറിയുമായിരുന്നു. ഗവൺമെന്റ് സെക്രട്ടറി പദവിയോടെയാണ് വയോജന കമ്മീഷൻ ചെയർപേഴ്സന്റെ നിയമനം. അർധ ജുഡീഷ്യൽ അധികാരവും കമ്മീഷനുണ്ടാകും






































