കൊല്ലം.കേരള-ഗൾഫ് മേഖലയിലെ വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ കുടുംബബന്ധവും ജീവിതോപാധിയും നിലനിർത്താൻ ആശ്രയമായിരുന്ന സർവീസുകളെയാണ് അനുദിനം അവഗണിക്കപ്പെടുന്ന തരത്തിൽ വെട്ടിക്കുറച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് അബുദാബി, ദുബായ്, ദോഹ, മുസ്കറ്റ്, ബഹ്റൈൻ, റാസ് അൽ ഖൈമ, ദമ്മാം, റിയാദ് തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ നിർത്തലാക്കിയതും പകുതിയായി ചുരുക്കിയതും കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക ജീവധാരയെ തന്നെ ശ്വാസംമുട്ടിക്കുന്ന നടപടിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
അതേ സമയം ബെംഗളൂരു, ജയ്പുർ, ഗോവ, വരാണസി തുടങ്ങിയ പ്രദേശങ്ങളിലേക്ക് കൂടുതൽ സർവീസുകൾ അനുവദിച്ചിരിക്കുന്നതു, കേരളത്തെ തുടർച്ചയായി അവഗണിക്കുന്ന കേന്ദ്ര സർക്കാരിന്റെ പക്ഷപാതപരമായ നിലപാടാണ്. പ്രവാസികൾക്ക് വിമാന ടിക്കറ്റ് നിരക്കുകൾ അനിയന്ത്രിതമായി ഉയരാൻ കാരണമാവുകയും, സാധാരണ തൊഴിലാളികളും അവരുടെ കുടുംബങ്ങളും വലിയ ദുരിതത്തിലാവുകയും ചെയ്യും.
കേരളീയരുടെ ജീവൻരേഖയായ ഗൾഫ് മേഖലാ സർവീസുകൾ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് കത്ത് നൽകിയതായും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.






































