ശാസ്താംകോട്ട:നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ജെ.സി.ബി, ഹിറ്റാച്ചി,ക്രെയിൻ മുതലായ വാഹനങ്ങളുടെ വാടക നിരക്കിൽ 10 മുതൽ 20 ശതമാനം വരെ വർധനവ് നടപ്പാക്കുമെന്ന് കൺസ്ട്രക്ഷൻ എക്വിപ്മെന്റ്സ് ഓണേഴ്സ് അസ്സോസിയേഷൻ കുന്നത്തൂർ മേഖല പ്രസിഡൻ്റ് ശിശുപാലൻ,സെക്രട്ടറി ഷാജി ചിറയ്ക്കുമേൽ,ട്രഷറര്‍ അനീഷ്,സംസ്ഥാന കമ്മിറ്റി അംഗം കുന്നത്തൂർ ദീപു എന്നിവർ അറിയിച്ചു.
30 വർഷം മുമ്പ് രൂപം കൊണ്ട തൊഴിൽ മേഖലയാണെങ്കിലും അക്കാലത്തെ നിരക്കിൽ തന്നെയാണ് വാഹനങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നത്.വാഹന വിലയും മറ്റു അനുബന്ധ സാമഗ്രികളുടെ വിലയും,സ്പെയർ പാർട്സും ടയറും ഡീസൽ വിലയും തൊഴിലാളികളുടെ വേതനവും മറ്റും പതിൻമടങ്ങ് വർധിച്ചതിനാൽ വാടക വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.വാഹനങ്ങൾക്ക് പ്രവർത്തിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള നിയന്ത്രണങ്ങളും അടിക്കടിയുള്ള പിഴ ചുമത്തലുകളും ഓടുന്നതിലെ സമയനിയന്ത്രണവും മേഖലയുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.വാടക വർധനവ് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ സംസ്ഥാനമൊട്ടാകെയുള്ള വാഹനങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ വാടക ക്രമീകരിച് മറ്റു മേഖലകളെ പ്രതികൂലമായി ബാധിക്കാത്ത രീതിയിൽ നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.ഇതിൻ്റെ ഭാഗമായി ചൊവ്വാഴ്ച മേഖലയിലെ നിർമ്മാണ മേഖലയിലെ മുഴുവൻ വാഹനങ്ങളും പണിമുടക്കുകയും രാവിലെ സിനിമാപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും ശാസ്താംകോട്ടയിലേക്ക് റേറ്റ് വർധന ജനബോധവത്ക്കരണ റാലി നടത്തും.റാലിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് വിഷ്ണു പത്തനാപുരം നിർവഹിക്കും.ജില്ലാ സെക്രട്ടറി ജയൻ കടയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്യും.






































