‘ജബൽ ഹഫീത്’ ഓടിക്കയറി നൗഷാദ് ; സപ്താഹ വേദിയിൽ ആദരിച്ച് ക്ഷേത്രക്കമ്മിറ്റി

Advertisement

ചവറ: 48° ഡിഗ്രി ചൂട്, 14 കിലോമീറ്റർ ദൂരം, 21 വളവുകൾ… യു എ ഇയിലെ ചരിത്രപ്രസിദ്ധമായ ജബൽ ഹഫീത് പർവ്വതനിരകൾ ഓടിക്കയറുമ്പോൾ നൗഷാദിൻ്റെ മുന്നിൽ പ്രതിസന്ധികൾ ഏറെയായിരുന്നു. സ്വദേശികളും വിദേശികളും ഒന്നിച്ച് പ്രോത്സാഹിപ്പിച്ചതോടെ ചവറ കൊട്ടുകാട് സ്വദേശിയായ നൗഷാദ് ഒരു മണിക്കൂർ 53 നിട്ട് കൊണ്ട് ജബൽ ഹഫീത് കീഴടക്കി ചരിത്രം രചിച്ചു. 14 കിലോ മീറ്റർ ദൈർഘ്യമുള്ള ജബൽ ഹഫീത് ഓടിക്കയറിയ മലയാളി എന്ന നിലയിൽ സ്വദേശത്തും വിദേശത്തും നൗഷാദിന് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കൊട്ടുകാട് മുകുന്ദപുരം മാടൻനട ക്ഷേത്രത്തിലെ സപ്താഹവേദിയിൽ വെച്ച് ക്ഷേത്രകമ്മിറ്റി നൗഷാദിനെ ആദരിച്ചു.

മാനവീക സന്ദേശം ഉയർത്തിപ്പിടിച്ച് സപ്താഹ വേദിയിൽ നൗഷാദിന് ആദരവ് നൽകിയ ക്ഷേത്ര കമ്മറ്റിക്കും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

യു എ ഇ ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് 55 കാരനായ നൗഷാദിന് പർവതനിരകളിലേക്ക് ഓടിക്കയറുന്നതിന് ഗവൺമെൻ്റ് അനുമതി നൽകിയത്. സ്പോർട്ട്സിൽ തൽപരനായ നൗഷാദ് വർഷങ്ങളായി പ്രവാസ ജീവിതം നയിച്ച് വരികയാണ്. അടുത്തമാസം നടക്കാനിരിക്കുന്ന യു എ ഇ മാരത്തൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നൗഷാദ്.

Advertisement