കുന്നത്തൂർ:പ്രതിസന്ധികളെ തരണം ചെയ്ത് നേടിയ വിജയവുമായി ഡോക്ടർ പഠനത്തിനായി കൊല്ലം കുന്നത്തൂർ സ്വദേശി ജിസ്സ(18),ജനിച്ച് നാലാം മാസത്തിൽ തനിക്ക് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്.കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കണമെന്നതായിരുന്നു ആഗ്രഹമെങ്കിലും സൗകര്യം പരിഗണിച്ച് തിരുവനന്തപുരത്തേക്ക് തീരുമാനം മാറ്റുകയായിരുന്നു.തിങ്കളാഴ്ച മുതലാണ് ക്ലാസ് ആരംഭിക്കുന്നത്.കോട്ടയത്തായിരുന്നു എൻട്രൻസ് പരിശീലനം.ജനിച്ച നാൾ മുതലുള്ള ശാരീരിക ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്താണ് അവൾ പഠിച്ച് മുന്നേറിയത്.ചെറിയൊരു വിജയമായിരുന്നില്ല ജിസ്സയെ കാത്തിരുന്നത്.നീറ്റ് പരീക്ഷയിൽ പേഴ്സൺ വിത്ത് ഡിസ്എബിലിറ്റീസ് വിഭാഗത്തിൽ അഖിലേന്ത്യാ തലത്തിൽ 176 -ാം റാങ്കും കേരളത്തിൽ ഏഴാം റാങ്കും നേടിയാണ് സ്വപ്നസാക്ഷാത്കാരം നേടിയത്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജനിച്ച ദിവസം മുതൽ ജിസ്സയ്ക്ക് കൂട്ടമായെത്തിയത് രോഗങ്ങൾ മാത്രമായിരുന്നു.കാൽ പാദങ്ങളിലെ വളവുകളും മുട്ടിൽ ചിരട്ട ഇല്ലെന്നുമുള്ള സത്യം ഡോക്ടർമാർ അറിയിക്കുമ്പോൾ ജീവിതത്തോട് പടവെട്ടി ജീവിതം മുന്നോട്ട് നീക്കിയിരുന്ന മാതാവ് ഷീബാമ്മയ്ക്ക് കരയാനേ കഴിഞ്ഞുള്ളു.
പക്ഷേ കരഞ്ഞിരുന്നാൽ പൊന്നുമോളുടെ അസുഖം മാറില്ലല്ലോ.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്.അവിടെ കുഞ്ഞു ജിസ്സയ്ക്ക് നാലാം മാസത്തിൽ ശസ്ത്രക്രിയ.വേദനതിന്ന രാത്രികളിൽ ഉറങ്ങാൻ കഴിയാതെ കരയുന്ന കുഞ്ഞിന് ഉറക്കമിളച്ച് അമ്മ ഷീബാമ്മയും ചേച്ചിയും വല്യപ്പച്ചനും അമ്മച്ചിയും കാവലിരുന്നു.കാറ്ററിങ് ജോലിയിൽ നിന്ന് ലഭിക്കുന്ന തുഛമായ വരുമാനവും പിന്നെ സുമനസുകളുടെ സഹായവും മാത്രമാണ് ആ കുടുംബത്തിൻ്റെ ആശ്രയം.സ്കൂളിൽ പോകാൻ കഴിയാതെ ഇഴഞ്ഞു നീങ്ങുന്ന ജിസ്സയുടെ ആദ്യ ഗുരു ഷീബാമ്മയുടെ പിതാവ് തോമസ്കുട്ടി ആയിരുന്നു.അദ്ദേഹമാണ് വീട്ടിലിരുത്തി അക്ഷരങ്ങൾ പഠിപ്പിച്ചത്.
സ്കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നതിനാൽ മൂന്നാം തരം വരെ വാർഷിക പരീക്ഷയ്ക്ക് മാത്രമായിരുന്നു അവൾ സ്കൂളിൽ പോയിരുന്നത്.നാലാം ക്ലാസ് മുതൽ വല്യപ്പച്ചൻ്റെ സൈക്കിളിൻ്റെ പിന്നിലിരുന്ന് സ്കൂളിൽ എത്തിതുടങ്ങി.ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെ കുന്നത്തൂർ നെടിയവിള അംബികോദയം സ്കൂളിലായിരുന്നു പഠനം.ഗ്രേസ് മാർക്കില്ലാതെ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കി.ഒരിക്കൽ പോലും പരീക്ഷ എഴുതാൻ മറ്റൊരാളുടെ സഹായം തേടിയിട്ടില്ല.യുഎസ്എസ് ഉൾപ്പെടെ ഒരു ഡസനോളം സ്കോളർഷിപ്പുകളും ഇക്കാലയളവിൽ അവളെ തേടിയെത്തി.പ്ലസ് ടു തലത്തിൽ സയൻസ് എടുത്ത് പഠിച്ച് ഡോക്ടർ പഠനത്തിന് പോകണമെന്നത് ഷീബാമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.ആ ആഗ്രഹമാണ് ഇന്നവൾ സാധിച്ചിരിക്കുന്നത്.എന്നാൽ കൊച്ചുമകളുടെ വളർച്ച കാണാൻ മുത്തശ്ശനും മുത്തശ്ശിയും ഇല്ലാത്തത് അവരെ നൊമ്പരപ്പെടുത്തുന്നു.സഹോദരി ജിബി ബാംഗ്ലൂരിൽ നഴ്സായി ജോലി നോക്കുകയാണ്.ജിസ്സയുടെ വളർച്ചയിൽ ജന്മനാടായ കുന്നത്തൂരും ഏറെ സന്തോഷത്തിലാണ്.






































