ശാസ്താംകോട്ട:ജനങ്ങൾക്ക് ഗുണമേൻമയുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി ഒരു കോടി രൂപ ചെലവിൽ പോരുവഴി കമ്പലടിയിൽ സർക്കാർ ആയുർവേദ ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുന്നതായി മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.ദേശീയ ആയുഷ് മിഷൻ മുഖേനയാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.പദ്ധതിയിലൂടെ ഗ്രാമപ്രദേശങ്ങളിലെ സാധാരണ ജനങ്ങൾക്ക് നിലവാരമുള്ള ആയുർവേദ ചികിത്സയും മികച്ച അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും.പദ്ധതിയുടെ ഭാഗമായി അഞ്ചു ബെഡുകൾ വീതമുള്ള പുരുഷ-സ്ത്രീ വാർഡുകൾ,വാർഡുകൾക്കായി പ്രത്യേക ശൗചാലയ സൗകര്യങ്ങൾ,ചികിത്സാമുറിയും ഡ്രസ് ചെയ്ഞ്ച് സൗകര്യവും,നഴ്സിംഗ് സ്റ്റേഷനും ശൗചാലയത്തോടെ നഴ്സസ് മുറി, കൂടാതെ രോഗികൾക്കും ബന്ധുക്കൾക്കും വേണ്ടി കാത്തിരിപ്പ് മുറിയും സ്റ്റെയർ റൂമും ഉൾപ്പെടുത്തിയിരിക്കുന്നു.ആകെ 235.80 ച.മീ. വിസ്തൃതിയിലാണ് ആശുപത്രി നിർമ്മാണം പുരോഗമിക്കുന്നത്.പദ്ധതി പൂർത്തിയായാൽ പോരുവഴി പ്രദേശത്തെ മാത്രമല്ല സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്കും മെച്ചപ്പെട്ട ആയുർവേദ ചികിത്സാ സേവനങ്ങൾ ലഭ്യമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. അറിയിച്ചു.






































