മന്ത്രി മുഹമ്മദ് റിയാസിൻ്റെ മൺറോതുരുത്ത് സന്ദർശനം; ബഹിഷ്കരിച്ച് പ്രാദേശിക സിപിഎം നേതൃത്വം

Advertisement

ശാസ്താംകോട്ട:മൺറോതുരുത്തിലെ ടൂറിസം വികസന പദ്ധതികൾ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ അവ വിലയിരുത്താനും നേരിട്ടറിയാനും എത്തിയ വകുപ്പ് മന്ത്രിയും പിണറായി മന്ത്രിസഭയിലെ രണ്ടാമനുമായ മുഹമ്മദ് റിയാസിനെ പ്രാദേശിക സിപിഎം നേതൃത്വം ബഹിഷ്ക്കരിച്ചത് വിവാദത്തിലേക്ക്.കഴിഞ്ഞ ദിവസമാണ് മന്ത്രി ഉദ്യോഗസ്ഥരുമായി മൺറോതുരുത്ത് സന്ദർശിക്കാനെത്തിയത്.പെരുമൺ പാലവും പ്രധാന ടൂറിസം കേന്ദ്രങ്ങളും  സന്ദർശിക്കുകയും കായലിലൂടെ ബോട്ട് യാത്ര നടത്തി ‘റീൽസ്’ ചിത്രീകരിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.എന്നാൽ ‘റീൽസ്’ സോഷ്യൽ മീഡിയ വഴി മന്ത്രി തന്നെ പ്രചരിപ്പിച്ചിട്ടും അത് ഷെയർ ചെയ്യാനോ,കമൻ്റുകൾ അറിയിക്കാനോ പോലും പ്രാദേശിക നേതൃത്വം തയ്യാറായിട്ടില്ല.സ്ഥലം എംഎൽഎയും ഒപ്പമുണ്ടായിരുന്നില്ല.മന്ത്രി മടങ്ങിയ ശേഷമാണ് എത്തിയ വിവരം എംഎൽഎ പോലും അറിയുന്നത്.സിപിഎം ഏരിയാ – ലോക്കൽ നേതൃത്വങ്ങളിൽ നിന്നോ,ജനപ്രതിനിധികളിൽ നിന്ന് ഒരാൾ പോലുമോ മന്ത്രിയെ അനുഗമിച്ചില്ല.ബ്രാഞ്ച് കമ്മിറ്റിയിൽ നിന്നു പോലും ആരും എത്തിയിരുന്നില്ല.രാഷ്ട്രീയം മറന്ന് മൺറോതുരുത്തിൻ്റെ വികസനത്തിനായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി മന്ത്രിക്ക് നിവേദനം നൽകിയ വേളയിലും ബിജെപി അംഗങ്ങൾ എത്തിയിട്ടും സഹകരിക്കാൻ ഇടത് അംഗങ്ങൾ തയ്യാറായ്യില്ല.

മന്ത്രി മൺറോതുരുത്തിൽ എത്തിയത് ആരെയും അറിയിക്കാതെ രഹസ്യമായാണെന്നും,സൂപ്പർ മുഖ്യമന്ത്രി ചമഞ്ഞ് എത്തുന്നവർക്ക് കുട പിടിക്കേണ്ട എന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്നുമാണ് സിപിഎം പ്രാദേശിക നേതൃത്വം അടക്കം പറയുന്നത്.അതിനിടെ ജില്ലയിലെ പ്രധാന ടൂറിസം മേഖലയിലെത്തിയ മന്ത്രി ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കാതെ കിലോമീറ്ററുകൾ അകലെ ഭരണിക്കാവിന് സമീപമുള്ള റിസോർട്ടിൽ പോയി കഴിച്ചത് മൺറോതുരുത്തിനെയും ഇവിടുത്തെ ഭക്ഷണ വൈവിദ്ധ്യത്തെയും അവഗണിച്ചതിന് തുല്യമാണെന്ന ആക്ഷേപവും നാട്ടുകാർക്കിടയിൽ  ഉയർന്നിട്ടുണ്ട്.

Advertisement