ബാങ്ക് ജീവനക്കാരി അജ്ഞനയുടെ ദാരുണാന്ത്യം:വിശ്വസിക്കാനാകാതെ സഹപ്രവർത്തകരും ജന്മനാടും

Advertisement

ശാസ്താംകോട്ട:വാഹനാപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച അജ്ഞനയുടെ(25) വേർപാടിൽ പകച്ച് കരിന്തോട്ടുവ ബാങ്കിലെ സഹപ്രവർത്തകരും ജന്മനാടും.

കൊല്ലം – തേനി ദേശീയപാതയിൽ ഭരണിക്കാവിന് സമീപം ഊക്കൻ മുക്കിൽ ചൊവ്വ രാവിലെ 9.45 ഓടെയായിരുന്നു അപകടം.സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് റോഡിലേക്ക് വീണ അജ്ഞനയുടെ തലയിലൂടെ പിറകേ എത്തിയ സ്വകാര്യ ബസ് കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്താൽ അജ്ഞന ഓടിച്ചിരുന്ന സ്കൂട്ടറിൻ്റെ പിൻഭാഗം ഭാഗികമായി കത്തിനശിക്കുകയും ചെയ്തു.ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് റോഡിൽ തളം കെട്ടി കിടന്ന രക്തവും മറ്റും കഴുകി റോഡ് വൃത്തിയാക്കിയത്.തൊടിയൂരിലെ വീട്ടിൽ നിന്നും ഭരണിക്കാവിലെത്തി കടപുഴ റൂട്ടിൽ പഴയ ബസ് സ്റ്റാൻഡിൽ നിന്നും തിരിഞ്ഞ് ബണ്ട് റോഡിലൂടെ ബാങ്കിലെത്തുന്നതാണ് പതിവ്.കരുനാഗപ്പള്ളി തൊടിയൂർ ശാരദാലയം വീട്ടിൽ പരേതനായ മോഹനൻ്റെയും തൊടിയൂർ സഹകരണ ബാങ്കിലെ സ്വീപ്പറായ അജിതയുടെയും മകളായ അജ്ഞന ഒന്നരമാസം മുമ്പാണ് സഹകരണ ബാങ്ക് ടെസ്റ്റ് പാസായി കരിന്തോട്ടുവയിൽ ജോലിയിൽ പ്രവേശിച്ചത്.ഒരു വർഷം മുമ്പാണ് പിതാവ് മരണപ്പെട്ടത്.മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു.ജോലി ലഭിച്ചതിനു ശേഷം അജ്ഞനയുടെയും വിവാഹം ഉറപ്പിച്ചിരുന്നു.ഒക്ടോബർ 29 ന് വിവാഹം നടക്കേണ്ടതായിരുന്നു.വിവാഹം ക്ഷണിക്കലും മറ്റും തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.സാമ്പത്തികമായി ഏറെ പിന്നോക്കം നിന്നിരുന്ന കുടുംബമായിരുന്നു അജ്ഞനയുടേത്.കരിന്തോട്ടുവ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചിട്ട് ആറ് ആഴ്ചകളേ ആയിട്ടുള്ളുവെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് സഹപ്രവർത്തകർക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയിരുന്നു.

ജോലിയോടുള്ള ആത്മാർത്ഥതയും കൃത്യതയും സൗമ്യമാർന്ന സ്വഭാവവും ബാങ്കിൽ എത്തുന്നവരുടെയും വിശ്വാസം പിടിച്ചുപറ്റാൻ ഇടയാക്കിയിരുന്നു.അജ്ഞനയുടെ വിവാഹം ആഘോഷമാക്കാൻ സഹപ്രവർത്തകരും ബാങ്ക് ഭരണസമിതിയും കാത്തിരിക്കേയാണ് വേർപാട് സംഭവിച്ചത്.അജ്ഞനയുടെ നാടായ തൊടിയൂർ ഗ്രാമത്തിനും മരണം വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഊക്കൻമുക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് നാട്ടിൽ നിന്നും നിവരവധിയാളുകളാണ് എത്തിയത്.ഇൻക്വിസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. ‘

Advertisement