ശാസ്താംകോട്ട:തുറിച്ചു നോക്കിയെന്ന് ആരോപിച്ച് 14 കാരനെ കരണത്തടിക്കുകയും മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്ത
കേസിൽ പ്രതി അറസ്റ്റിൽ.മൈനാഗപ്പള്ളി തടത്തിൽ മുക്ക് സ്വദേശി കഹാറിനെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മൈനാഗപ്പള്ളി തൈക്കാവ് മുക്കിൽ കഴിഞ്ഞ നാലിന് വൈകിട്ട് 5.30 ഓടെയാണ് സംഭവം.മൈനാഗപ്പള്ളി ആശാരിമുക്ക് ഉത്തംപള്ളിവിള പടിഞ്ഞാറ്റതിൽ ജലീഫിൻ്റെ മകൻ അൽ അമീനാണ് മർദ്ദനമേറ്റത്.തൈക്കാവ് മുക്കിലുള്ള മസ്ജിദിൽ നിന്നും പായസം വാങ്ങിയ ശേഷം പിതാവ് നടത്തുന്ന സൗണ്ട് സിസ്റ്റം വാഹനത്തിൻ്റെ അടുത്ത് നിൽക്കുമ്പോഴാണ് ആക്രമണം നടന്നത്.തുറിച്ചു നോക്കിയതായി ആരോപിച്ച് അസഭ്യം വിളിയോടെ പാഞ്ഞടുത്ത പ്രതി കുട്ടിയുടെ കവിളിൽ അടിക്കുകയും,പന്തൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വലിയ ഇരുമ്പ് പൈപ്പു കൊണ്ട് തലയ്ക്ക് അടിക്കാൻ ശ്രമിക്കുകയും ചെയ്തു.കുട്ടി ഒഴിഞ്ഞു മാറിയതിനാൽ പൈപ്പ് കാൽമുട്ടിനു കൊണ്ട് പൊട്ടൽ സംഭവിക്കുകയും ചെയ്തു.തുടർന്ന് കുട്ടിയുടെ പിതാവ് നടത്തുന്ന സൗണ്ട് സിസ്റ്റം അടിച്ചു തകർക്കുകയും ചെയ്തു.രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.ഭാരതീയ ന്യായസംഹിതയിലെ 296(ബി),118 (1),118(2),324(4) വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.






































