ക്ഷേത്രത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കരുത്,ഭരണസമിതി

Advertisement

ശാസ്താംകോട്ട : തിരുവോണദിവസംമുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉണ്ടായ വിവാദങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്ന് ഭക്തർ തിരിച്ചറിയണമെന്ന് ഭരണസമിതി. ഓപ്പറേഷൻ സിന്ദൂർ അടയാളപ്പെടുത്തി പൂക്കളം തയ്യാറാക്കിയതിനെതിരെ ഭരണസമിതി കേസ് കൊടുത്തു എന്ന വാദം രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായുള്ള തെറ്റിദ്ധരിപ്പിക്കലാണ്. പൂക്കളത്തോടൊപ്പം രാഷ്ട്രീയപ്പാർട്ടിയുടെ കൊടി വരച്ചതും അതിനൊപ്പം ഛത്രപതി ശിവജിയുടെ പടമുള്ള ബോർഡ് സ്ഥാപിച്ചതും ആണ് കേസിന് ആധാരമായി വന്നത്. പോലീസ് എഫ്ഐആറിലും അത് വ്യക്തമാണ്. ക്ഷേത്രത്തിന്റെ 100 മീറ്റർ ചുറ്റളവിൽ രാഷ്ട്രീയപ്പാർട്ടികളുടെ കൊടികൾ, ബോർഡുകൾ നിരോധിച്ചു ഹൈക്കോടതി വിധി നിലനിൽക്കുന്ന ക്ഷേത്രമാണ്. മുൻവർഷങ്ങളിൽ തിരുവോണദിവസം രാഷ്ട്രീയപ്പാർട്ടിയുടെ പേര് സൂചിപ്പി ച്ച പൂക്കളം ഇട്ടത് ഇതര രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഭരണസമിതി നേരിട്ട് പൂക്കളം ഇടുന്നതിന് തയ്യാറായത്. എന്നാൽ ക്ഷേത്രസഭയുടെ സ്ഥലം കയ്യേറി മറ്റു ചിലർ പൂക്കളമിടാൻ എത്തിയതോടെയാണ് പ്രശ്നങൾ ഉണ്ടാകുന്നത്. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഇവർക്ക് കൊടിയോ രാഷ്ട്രീയ പാർട്ടി ചിഹ്നങ്ങളോ ഇല്ലാതെ പൂക്കളം ഇടാൻ അനുമതി നൽകി. എന്നാൽ ഈ കൂട്ടർ പോലീസിന്റെ സാന്നിധ്യത്തിൽ നൽകിയ ഉറപ്പിന് വിപരീതമായി രാഷ്ട്രീയ പൂക്കളത്തിനൊപ്പം ആലേഖനം ചെയ്യുകയും ബോർഡ്‌ സ്ഥാപിക്കുകയും ആയിരുന്നു. വരാനിരിക്കുന്ന ക്ഷേത്ര തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകർ നടത്തുന്ന ഗൂഢ നീക്കങ്ങൾ ഭക്തർ തിരിച്ചറിയണമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.

Advertisement