പാതയോരം കാടുമൂടി;കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിൽ അപകടം അരികെ

Advertisement

കുന്നത്തൂർ:പാതയോരം കാടുമൂടിയതിനെ തുടർന്ന് കുന്നത്തൂർ
ആറ്റുകടവ് ജംഗ്ഷനിൽ അപകടം പതിവായി.കാൽനട യാത്രക്കാർക്ക് നടക്കാൻ ഇടമില്ലാത്തതിനെ തുടർന്ന് റോഡിലൂടെയാണ് യാത്ര.തിരക്കേറിയ പാതയിൽ വാഹനങ്ങൾ അമിതവേഗതയിൽ എത്തുമ്പോൾ ഒഴിഞ്ഞു നിൽക്കാൻ പോലും സൗകര്യമില്ലാതെ യാത്രക്കാർ വലയുകയാണ്.ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിൽ യാത്രക്കാരുടെ കൈകളിൽ തട്ടുന്നതും സ്ത്രീകളുടെ വസ്ത്രങ്ങൾ കീറുന്നതും പതിവാണ്.

തെരുവ് നായ്ക്കൾ ഓടിയെത്തുമ്പോൾ യാത്രക്കാർ വാഹനങ്ങൾ ശ്രദ്ധിക്കാതെ റോഡിലേക്ക് കയറുന്നതും ഭീഷണിയാണ്.അധികം വീതിയില്ലാത്ത പാതയോരത്ത് അരയാൾ പൊക്കത്തിൽ കാട് വളർന്നിട്ട് നാളേറെയായി.ഇതിനോട് ചേർന്ന് വലിയ താഴ്ചയും കൂടിയായതിനാൽ കാൽനട യാത്രികർക്കൊപ്പം വാഹന യാത്രികരും വലിയ ഭീഷണിയാണ് നേരിടുന്നത്.ഓണക്കാലമായതിനാൽ അപകടങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്.പലപ്പോഴും മത്സരയോട്ടത്തിനിടെ സ്റ്റോപ്പിൽ നിർത്താതെ ബസുകൾ യാത്രക്കാരെ ഇറക്കുന്നതും ഈ ഭാഗത്തായിട്ടാണ്.തലനാരിഴയ്ക്കാണ് അപകടം വഴിമാറുന്നത്.ആറ്റുകടവ് ജംഗ്ഷനും സ്കൂളിനും ഇടയ്ക്കുള്ള ഭാഗത്താണ് കാട് വളർന്നിട്ടുള്ളത്.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും കാട് തെളിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവികൊണ്ടിട്ടില്ല.

Advertisement