കൊല്ലം. കശുവണ്ടി തൊഴിലാളികളുടെ അടിസ്ഥാന ബോണസിൽ അര ശതമാനത്തിൻ്റെ വർദ്ധന പോലും വരുത്താതെ ഇടതു സർക്കാർ തൊഴിലാളികളെ പറ്റിക്കുകയാണെന്നും
വാർഷിക ബോണസ് ഒരു രൂപ പോലും കൂടില്ലെന്നിരിക്കെ അഡ്വാൻസ് ബോണസിൽ മാത്രം വരുത്തുന്ന വർദ്ധന ഒരു തരത്തിലുള്ള പറ്റിക്കലാണെന്നും കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൊടുക്കുന്നിൽ സുരേഷ് എം.പിയും ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യനും പറഞ്ഞു.
20.5 ശതമാനം ബോണസും 2.50 ശതമാനം എക്സ്ഗ്രേഷ്യയുമാണ് യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് ഉണ്ടായിരുന്നത്. ഇത് 20 ശതമാനമായി കുറച്ചത് എൽ.ഡി.എഫ് സർക്കാരാണെന്നും അവർ ആരോപിച്ചു.
സ്റ്റാഫിൻ്റെ ശമ്പള പരിഷ്കരണത്തിന് നടപടി സ്വീകരിക്കാത്ത സർക്കാർ അവർക്ക് ഒരു ദിവസത്തെ ബോണസ് എങ്കിലും കുട്ടി നൽകേണ്ടതായിരുന്നുവെന്നും
അഡ്വാൻസ് ബോണസ് കൂട്ടിയതിൻ്റെ പേരിൽ മധുര വിതരണം നടത്തുന്ന കാഷ്യു കോർപ്പറേഷൻ അധികൃതർ യഥാർത്ഥത്തിൽ തൊഴിലാളികളെ അവഹേളിക്കുകയാണെന്നും കോർപ്പറേഷനിലും കാപെക്സിലും സ്റ്റാഫിനുള്ള പരമാവധി ബോണസ് പരിധി ഇപ്പോഴത്തെ സാഹചര്യത്തിൽ എടുത്ത് കളയണമെന്നും
സ്വകാര്യ മുതലാളിമാർ ഒഴിവു ശമ്പളത്തിലും ലീവ് വിത്ത് വേജസിലും നടത്തുന്ന കൊള്ള തടയാൻ പോലും കഴിയാത്തവരാണ് നുണ പ്രചരിപ്പിച്ച് മേനി നടിക്കുന്നതെന്നും അവർ പറഞ്ഞു






































