ശാസ്താംകോട്ട:ഓണത്തിൻ്റെ വരവറിയിച്ച് കോവൂർ തോപ്പിൽമുക്ക് ഗ്രന്ഥശാലയ്ക്ക് സമീപം ഞായറാഴ്ച കരടികൾ ഇറങ്ങും.ഓണത്തിൻ്റെ ഭാഗമായി കോവൂർ ദി കേരള
ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരടികളി മത്സരമാണ് നാടിന് ആവേശം പകർന്ന് 31ന് നടക്കുന്നത്.വൈകിട്ട് 5 മുതൽ ആരംഭിക്കുന്ന കരടികളി രാത്രി 10 ഓടെ സമാപിക്കും.കരടിയും വേട്ടക്കാരനുമാണ് പ്രധാന ആകർഷണം.കേരളത്തിലെ പ്രമുഖമായ 6 ടീമുകൾ പങ്കെടുക്കും.മികച്ച ടീമിന് 5001 രൂപ ക്യാഷ് പ്രൈസും ട്രോഫിയും മികച്ച പാട്ടുപാടുന്ന ടീമിന് 5001 രൂപ ക്യാഷ് പ്രൈസും ട്രോഫിയും മികച്ച വേഷം ധരിക്കുന്ന ടീമിന് 5001 രൂപ ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കുന്നതാണ്.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.ചലച്ചിത്ര താരം പ്രമോദ് വെളിയനാട് മുഖ്യാതിഥിയാകും.സെപ്തംബർ 2 ന് ഉച്ചയ്ക്ക് 12 മുതൽ ലൈബ്രറിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി കുരിശടി മുക്കിൽ മാനസിക വെല്ലുവിളി നേരിടുന്ന വനിതാ അന്തേവാസികൾ താമസിക്കുന്ന
ബഥന്യഭവനൽ ഓണസദ്യയും ഓണാഘോഷവും സംഘടിപ്പിക്കും.ജില്ലാ പഞ്ചായത്തംഗം അനിൽ എസ് കല്ലേലിഭാഗം ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാലാ സംഘം കുന്നത്തൂർ താലൂക്ക് ജോ.സെക്രട്ടറി ആർ.മദനമോഹനൻ മുഖ്യാതിഥിയാകും.ഓണാട്ടുകരയുടെ തനത് കലാരൂപമായ കരടികളിയെ അന്യം നിന്നു പോകാതെ ചേർത്തു നിർത്തുന്നതിനായാണ് കരടികളി മത്സരം സംഘടിപ്പിക്കുന്നതെന്ന് ഗ്രന്ഥശാലാ ഭാരവാഹികളായ കെ.ബി വേണുകുമാർ,എസ്.അനിൽകുമാർ, ബി.രാധാകൃഷ്ണൻ,കൊച്ചുവേലു മാസ്റ്റർ എന്നിവർ അറിയിച്ചു.






































