ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് ഏഴുകോടി

Advertisement

ശാസ്താംകോട്ട. റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി റെയിൽവേ ബോർഡ് ഏഴുകോടി രൂപ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.യാത്രക്കാരും വിവിധ സംഘടനാ പ്രതിനിധികളും മുന്നോട്ട് വെച്ച പ്രധാന ആവശ്യമായിരുന്നു സ്റ്റേഷന്റെ ആധുനികവൽക്കരണം.

സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി നിലവിലുള്ള പ്ലാറ്റ്ഫോമുകളുടെ നവീകരണവും പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ അറ്റകുറ്റപ്പണിയും വിപുലീകരണവും നടത്തും.പുതിയ ശൗചാലയങ്ങളും കാത്തിരിപ്പുകേന്ദ്രവും നിർമ്മിക്കും.പഴയ സ്റ്റേഷൻ കെട്ടിടം നവീകരിക്കുകയും ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം,കോച്ച് പൊസിഷൻ ഡിസ്പ്ലേ യൂണിറ്റ്,കേറ്ററിംഗ് സ്റ്റാളുകൾ,ആവശ്യത്തിന് ഇരിപ്പിടങ്ങൾ,കുടിവെള്ള സംവിധാനം,മാലിന്യ നിർമാർജ്ജന സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.കൂടാതെ ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നവീകരണം, ലിഫ്റ്റ്, ദിശാബോർഡുകൾ,പ്ലാറ്റ്ഫോമുകളിൽ ലൈറ്റും ഫാനും ഉൾപ്പെടെയുള്ള സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

പദ്ധതിയുടെ വിശദമായ രൂപരേഖ പൂർത്തിയാക്കിയതോടെ മൂന്ന് മാസത്തിനുള്ളിൽ ടെൻഡർ നടപടികൾ ആരംഭിക്കും.നിലവിൽ നിരവധി എക്സ്പ്രസ് ട്രെയിനുകൾക്കൊപ്പം പുതുതായി അനുവദിച്ചിട്ടുള്ള സ്പെഷ്യൽ ട്രെയിനുകൾക്കും ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.ഉടൻ തന്നെ ഏറനാട് എക്സ്പ്രസ്, മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ്, മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുമെന്നും എം.പി അറിയിച്ചു.ശാസ്താംകോട്ട സ്റ്റേഷന്റെ വികസനത്തിനായി തിരുവനന്തപുരം ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലും,ഡൽഹിയിൽ റെയിൽവേ മന്ത്രിയേയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ടും ആവശ്യങ്ങൾ ശക്തമായി ഉന്നയിച്ചതിന്റെ ഫലമായിട്ടാണ് ഈ തീരുമാനം കൈവന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.

Advertisement