ശാസ്താംകോട്ട:അമ്മയുടെ മരണം,മകൻ  അറസ്റ്റിൽ

Advertisement

മദ്യലഹരിയിൽ ക്രൂരമർദ്ദനം, കൈക്കും ശരീരത്തും മർദ്ദനമേറ്റ പാടുകൾ
ശാസ്താംകോട്ട: ശൂരനാട് തെക്ക് കിഴക്കേമുറിയിൽ ലതയുടെ (60) മരണത്തിൽ മകൻ വിഷ്ണുരാജിനെ (30) പോലീസ് അറസ്റ്റ് ചെയ്തു. അമ്മയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് മകന്റെ നിരന്തരമായ മർദ്ദനമാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് ലതയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരിക്ക് അടിമയായ വിഷ്ണുരാജ് അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാരും പോലീസിന് മൊഴി നൽകി. സംഭവ ദിവസം മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ചതിന് ശേഷം മകൻ വീട്ടിലുണ്ടായിരുന്നു.
ലതയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ചതവുകളും ഉണ്ടായിരുന്നു. കൈക്ക് പൊട്ടലും സംഭവിച്ചിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മകൾ വിഷ്ണുപ്രിയയും നാട്ടുകാരും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുരാജിനെ കസ്റ്റഡിയിലെടുത്തത്. മർദ്ദിക്കാൻ ഉപയോഗിച്ച തടിക്കഷണവും പോലീസ് കണ്ടെടുത്തു.
പുരാണ പാരായണ തൊഴിലാളിയായ ലതയുടെ ഭർത്താവ് രാജശേഖരൻ ഉണ്ണിത്താൻ അഞ്ച് വർഷം മുൻപാണ് മരിച്ചത്. ലതയുടെ മൃതദേഹം സംസ്കരിച്ചു. ആത്മഹത്യാ പ്രേരണ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് മകനെ അറസ്റ്റ് ചെയ്തതെന്ന് എസ്.എച്ച്.ഒ ജോസഫ് ലിയോൺ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement