ഭരണിക്കാവ് ഗതാഗത പരിഷ്കാരം, ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎല്‍എ പരാതി നല്‍കി

Advertisement

ശാസ്താംകോട്ട. ഭരണിക്കാവ് സ്റ്റാന്‍ഡ് വിഷയത്തില്‍ സര്‍വകക്ഷി തീരുമാനം അട്ടിമറിച്ചുവെന്ന പേരില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഗതാഗതവകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. ഭരണിക്കാവിലെ ഗതാഗതക്രമീകരണവും സ്റ്റാന്‍ഡും രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരാന്‍ രാഷ്ട്രീയനേതാക്കള്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.

ജനപ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചത് ഭരണിക്കാവ് ജംഗ്ഷനിൽ 100 മീറ്റർ അകലം പാലിച്ച് നാലുവശത്തും ബസുകൾ നിർത്തണമെന്ന് തീരുമാനിച്ചുവെന്നും എന്നാൽ തീരുമാനം അട്ടിമറിച്ചു. K.S.R.T.C. ഉദ്യോഗസ്ഥരും J.R.T.O. ഓഫീസിലെ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ സുജീർ ഉൾപ്പടെയുളളവർ സർവ്വകക്ഷി തീരുമാനം നടപ്പിലാക്കിയിട്ടില്ലെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് കോവൂര്‍ കുഞ്ഞുമോന്‍ അയച്ച കത്തിലെ ആവശ്യം. തന്നെപ്പറ്റി മോശമായി സംസാരിച്ചുവെന്നും എംഎല്‍എ ആരോപിക്കുന്നു.

ഭരണിക്കാവിലെ ഗതാഗതപരിഷ്കാരം നടപ്പിലാവാതിരിക്കാനുള്ള ഒരു വിഭാഗത്തിന്‍റെ ശ്രമത്തിന്‍റെ ഫലമാണ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി അകറ്റുന്ന നടപടിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍ ഉറച്ച തീരുമാനമെടുത്തതിനാല്‍ പതിവുപോലെ നാലുദിവസം പരിഷ്കാരം നടപ്പാക്കിയിട്ട് അതു പാളിയെന്ന് പരാതിയും വിവിധ കോണുകളില്‍നിന്നും സമരവും ഉണ്ടാക്കി നടപടി പിന്‍വലിക്കുന്ന നാടകം ഇപ്രാവശ്യം നടപ്പായില്ലെന്ന് പരിഷ്കാരത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. മോട്ടോര്‍ വാഹനവകുപ്പ് ചട്ടങ്ങള്‍ക്കെതിരായ തിരുത്തലുകള്‍ നടപ്പിലാക്കാനാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥരെ ബലിയാടാക്കി പരിഷ്കാരം അട്ടിമറിച്ചാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

Advertisement