ശാസ്താംകോട്ട. വേങ്ങയില്‍ പകലും വെളിച്ചത്തിന്‍റെ പാലാഴി യാണ് അധികൃതര്‍ നല്‍കുന്നത്. ഇവിടെ പൊട്ടക്കണ്ണന്‍മുക്കിലും പരിസരത്തുമുള്ള തെരുവുവിളക്കുകള്‍ പകലും പ്രകാശം പരത്തി നില്‍ക്കാന്‍തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. അറിയാവുന്ന സ്ഥലത്തൊക്കെ വിളിച്ചിട്ടും വെളിച്ചം അണഞ്ഞിട്ടില്ല. മേഖലയിലെ ഏതാണ്ട് 20 ഓളം ലൈറ്റുകള്‍ക്കാണ് രാപകല്‍ ഡ്യൂട്ടി. വിളിച്ച് പരാതി പറഞ്ഞ് ഇനി ഉള്ള വെളിച്ചവും കെടുത്തിക്കളയുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
മറ്റൊരു പ്രശ്നവും ജനം പറയുന്നുണ്ട്. നേരത്തേ ട്യൂബ് ലൈറ്റുകളായിരുന്നു തെരുവുകളില്‍ വെളിച്ചം പകര്‍ന്നിരുന്നത്. അവ തറകാണാന്‍ ഉതകുമായിരുന്നു. ഇപ്പോഴത്തെ ഈ വിളക്കുകള്‍ക്ക് നിലാവിന്‍റെ മാത്രം വെളിച്ചമാണ്. പ്രധാന പാതയില്‍പോലും ഇത്തരം വിളക്കുകളാണ്. പട്ടി പാമ്പ് പന്നി എന്നിങ്ങനെ ശല്യം ഏറെയാണ്. ഒരാളുടെ മുഖം തിരിച്ചറിയാനോ, റോഡില്‍ കിടക്കുന്നത് കാണാനോ ഈ വെളിച്ചം ഉതകുന്നില്ലെന്നും പരാതിയുണ്ട്.






































