ഭരണിക്കാവിനെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കാൻ അധികൃതർ;നിലവിലെ ട്രാഫിക് പരിഷ്കാരം റദ്ദാക്കി വീണ്ടും പഴയ അവസ്ഥയിലേക്ക് ?

Advertisement

ശാസ്താംകോട്ട:ഭരണിക്കാവിലെ നിലവിലുള്ള ട്രാഫിക് പരിഷ്കാരം വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുന്നതായി സൂചന.കഴിഞ്ഞ ദിവസം ശാസ്താംകോട്ട പഞ്ചായത്തിലെ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ചെയർപേഴ്സൺ കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എടുത്ത തീരുമാനങ്ങളാണ് വിവാദങ്ങൾക്ക് കാരണമായിട്ടുള്ളത്.നിരവധി നിർദ്ദേശങ്ങൾ ഇതിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഭരണിക്കാവിൽ കഴിഞ്ഞ ഒരുമാസം മുൻപ് നിലനിന്നിരുന്ന കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം അതേപടി നിലനിർത്തുന്ന അവസ്ഥയിലേക്കാണ് പുതിയ തീരുമാനങ്ങൾ ചെന്നെത്തുന്നത്.

ടൗണിലെ പ്രധാനപ്പെട്ട നാലു റോഡുകളിലും ബസ്സുകൾ നിർത്താനും യാത്രക്കാരെ കയറ്റാനും ഇറക്കാനുമാണ് പുതിയ നിർദ്ദേശം.കൂടാതെ നിലവിൽ സജീവമായിരിക്കുന്ന പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ വാഹനങ്ങൾ എത്തിക്കണം എന്നും പറയുന്നുണ്ടെങ്കിലും അതിൽ യാതൊരു കഴമ്പുമില്ല എന്നുള്ളത് ഇവരുടെ നിർദ്ദേശത്തിൽ നിന്ന് വ്യക്തമായി കഴിഞ്ഞു.കാരണം ജംഗ്ഷനിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കാനും കയറ്റാനും പറയുന്നു.തുടർന്ന് സ്റ്റാൻ്റിലെത്തി തിരിച്ചു പോകണമത്രേ.എന്നാൽ ജംഗ്ഷനിൽ ബസ് നിർത്തുമ്പോൾ എന്തിന്
സ്റ്റാൻഡിൽ പോകണമെന്ന ചോദ്യമാണ് യാത്രക്കാർ ഉന്നയിക്കുന്നത്.ഈ തീരുമാനം നടപ്പായാൽ വീണ്ടും ഭരണിക്കാവ് ഗതാഗതക്കുരുക്കിൽ നട്ടം തിരിയുമെന്ന് വ്യാപകപരാതി ഉയർന്നിട്ടുണ്ട്.മുമ്പ് നിരവധി തവണ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു.അതിനിടെ കുന്നത്തൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നൽകിയ നിർദേശങ്ങളും വിവാദമായിട്ടുണ്ട്.ഇവയും പഴയ നിർദേശത്തിന്റെ ചൂവടു പിടിച്ചുള്ളതാണെന്നുള്ളത് വ്യക്തമാണ്.എന്നാൽ സ്വകാര്യ ബസ്സുകൾ നിലവിലുള്ള അവസ്ഥ നിലനിർത്തുമെന്നും ടൗണിൽ ബസ് നിർത്തില്ലെന്നും ശക്തമായി നേരിടുമെന്നും വ്യക്തമാക്കി സ്വകാര്യ ബസ് ഓണേഴ്സ് അസോസിയേഷൻ രംഗത്തുണ്ട്.കൂടുതൽ സങ്കീർണമായ അവസ്ഥയിൽ പോലീസും ഭരണിക്കാവിലെ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്.ട്രാഫിക് ഐലൻഡിന് 150 മീറ്റർപരിധിയിൽ ഒരു വാഹനങ്ങളും പാർക്ക് ചെയ്യരുതെന്ന ഉത്തരവിനെതിരെ വ്യാപാരികൾ വരും ദിവസം ദിവസങ്ങളിൽ പ്രതിഷേധവുമായി നിരത്തിലിറങ്ങുമെന്നുള്ള പ്രഖ്യാപനം സംഘർഷാവസ്ഥയിലേക്ക് നീങ്ങും എന്നത് വ്യക്തമാണ്.

Advertisement