കൊടിക്കുന്നിൽ സുരേഷ് എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നു,ബിജെപി

Advertisement

കൊല്ലം. ബിജെപി വിവിധതലത്തിൽ നടത്തിയ ഇടപെടിയിലൂടെയാണ് ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രാജീ പ്രസാദ് പറഞ്ഞു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖേന കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുന്നിൽ ബിജെപി ആവശ്യം ഉന്നയിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ആഴ്ച സംസ്ഥാന അധ്യക്ഷൻ അമൃതാനന്ദമയി മഠത്തിൽ എത്തിയപ്പോൾ ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്നും ഉറപ്പു നൽകിയിരുന്നു. സത്യം ഇതായിരിക്കെ കൊടിക്കുന്നിൽ സുരേഷ് എംപി എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്നും അവർ പറഞ്ഞു . കേന്ദ്ര സർക്കാർ ഏത് പദ്ധതി മണ്ഡലത്തിൽ അനുവദിച്ചാലും അത് എല്ലാം തൻ്റെ പരിശ്രമമാണെന്ന് കൊട്ടിഘോഷിക്കാൻ മാത്രമെ എംപിക്ക് അറിയൂ.
ശാസ്താംകോട്ടയിലെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് ബിജെപി നിറവേറ്റിയത്. ബിജെപിയുടെ വികസന കാഴ്ചപ്പാട് എന്നും സാധാരണക്കാർക്കൊപ്പം ആണെന്നും രാജി പ്രസാദ് പറഞ്ഞു. കൂടുതൽ
ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി ജോർജ് കുര്യൻ അറിയിച്ചിട്ടുണ്ട്.
ശാസ്താംകോട്ടയിലെ ജനങ്ങൾക്കൊപ്പം നിന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരെ ബിജെപി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു

അതേസമയം നിവേദനം വാങ്ങിയതും വിഷയം മന്ത്രിയോട് ഉന്നയിച്ചതും ട്രയിനിന് അനുമതി ലഭിച്ചതും അടക്കമുള്ള വിവരങ്ങള്‍ നല്‍കി ആരാണ് എട്ടുകാലി മമ്മൂഞ്ഞ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രചരണം ശക്തമാണ്. ശാസ്താംകോട്ട റെയില്‍വേസ്റ്റേഷന്‍ വികസനം കൊടിക്കുന്നില്‍ എംപി ആകുന്നതിന് മുമ്പും പിമ്പും എന്നതരത്തില്‍ വിലയിരുത്തിനോക്കണമെന്നും നിലവിലെ എല്ലാ വികസനവും എത്തിച്ചത് കൊടിക്കുന്നില്‍ നേരിട്ട് ഇടപെട്ടാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ട്രയിനിന് സ്റ്റോപ്പ് കിട്ടിയത് ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിലാണ്. എറണാകുളംഭാഗത്തേക്കുള്ള പ്രഭാതത്തിലെ യാത്രക്കാര്‍ക്ക് വരം ലഭിച്ച ആവേശമാണ്. അത് രാഷ്ട്രീയകളികളില്‍ മുങ്ങിപ്പോകരുതെന്നും പരസ്പരം മല്‍സരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ സ്റ്റേഷനിലേക്കുള്ള ബസ് സൗകര്യവും റോഡ് സൗകര്യവും ഒരുക്കുന്നതിന് പോരാടണമെന്നും യാത്രക്കാരുടെ വിവിധ വാട്സ് ആപ് ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു.

Advertisement