തിരുവനന്തപുരം സെൻട്രൽ മംഗലാപുരം ഏറനാട് എക്സ്പ്രസ് (16605/06) ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. ശാസ്താംകോട്ടയിലെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ആലപ്പുഴ വഴി പുലർച്ച സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭ്യമാക്കുക എന്നത്.
ഈ ആവശ്യം തുടർച്ചയായി റെയിൽവേ മന്ത്രിയുടെ അടുത്തും റെയിൽവേ ബോർഡ് ചെയർമാന്റെ അടുത്തും നിരന്തരം ഉന്നയിച്ചിരുന്നു. രാവിലത്തെ തിരക്കിട്ട ഷെഡ്യൂളുകൾക്കിടയിൽ സ്റ്റോപ്പ് അനുവദിക്കുക എന്നത് വളരെ പ്രയാസപ്പെട്ട ഒരു നടപടിയായിരുന്നു. എന്നാൽ ആവശ്യത്തിന് ഗൗരവം മനസ്സിലാക്കി ദക്ഷിണ റെയിൽവേ ഇപ്പോൾ സ്റ്റോപ്പ് അനുവദിച്ചിരിക്കുകയാണ് എന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കഴിഞ്ഞദിവസം നടത്തിയ ചർച്ചയിൽ ഏറനാട് എക്സ്പ്രസ് കൂടാതെ മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ്സിനും (16348) ശാസ്താംകോട്ടയിൽ താമസിയാതെ സ്റ്റോപ്പ് അനുവദിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

മന്ത്രി ജോര്‍ജ്ജ് കുര്യന്‍റെ പ്രൈവറ്റ് സെക്രട്ടറി അയച്ചുതന്ന മെസ്സേജ് എന്ന് ബിജെപി പ്രാദേശിക ഘടകം അറിയിക്കുന്ന ചിത്രം
ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭ്യമാകുന്നതിനായി യാത്രക്കാരും യാത്രക്കാരുടെ സംഘടനയായ റെയിൽ സിറ്റി ശാസ്താംകോട്ടയുടെ പ്രതിനിധികൾ അടക്കം ബന്ധപ്പെടുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. കൂടാതെ മാവേലി ഇന്റർസിറ്റി എന്നീ ട്രെയിനുകൾക്ക് കൂടി ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടർന്നുവരികയാണ് എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
ബിജെപി മൈനാഗപ്പള്ളി തെക്ക് പഞ്ചായത്ത് കമ്മറ്റിയുടെയും ശാസ്താംകോട്ട മണ്ഡലം കമ്മിറ്റിയുടെയും കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് നടപടിയെന്ന് ബിജെപി അറിയിച്ചു. 16605/ 16606 ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യന് ബിജെപി മൈനാഗപ്പള്ളി തെക്ക് പഞ്ചായത്ത് കമ്മിറ്റി കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ശാസ്താംകോട്ടയിൽ ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്റർ സിറ്റി എക്സ്പ്രസ് 16342/ 16341 ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് വേണ്ടി ശ്രമം തുടരും. ഏറനാട് എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും ,മന്ത്രി ജോർജ് കുര്യനും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും, കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിനും ബിജെപി മൈനാഗപ്പള്ളി തെക്ക് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.






































