ശാസ്താംകോട്ട:ഭരണിക്കാവിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ട്രാഫിക് പരിഷ്കാരത്തിനെതിരെ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.ഇന്ന് വൈകിട്ട് നാലിന് കടകൾ അടച്ച് ഹർത്താൽ ആചരിച്ചു നടത്തിയ പ്രതിഷേധത്തിൽ വ്യാപാരികളും ജീവനക്കാരുമടക്കക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു.
ഇതിനിടെ സിപിഎം ഏരിയാകമ്മിറ്റി ഓഫീസിന് സമീപം സ്റ്റാൻ്റിലേക്ക് കയറിയ ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ സമരാനുകൂലികൾ മർദ്ദിച്ചത് സംഘർഷമായി.സംഭവത്തിൽ പ്രതിഷേധിച്ച് 40 ഓളം ബസുകൾ സർവ്വീസ് നിർത്തിവച്ച് പ്രതിഷേധിച്ചു.ഇതോടെ വൈകിട്ട് നാലര മുതൽ രണ്ട് മണിക്കൂറോളം ബസ് സർവ്വീസ് നിർത്തിവച്ചു.സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി യാത്രക്കാർ മറ്റ് വഴികകളില്ലാതെ വലഞ്ഞു.ഒടുവിൽ ശാസ്താംകോട്ട ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ജീവനക്കാരെ മർദ്ദിച്ചവർക്കെതിരെ ഗൗരവകരമായ വകുപ്പ് ചുമത്തി കേസ് എടുക്കാമെന്ന് ഉറപ്പ് നൽകി.തുടർന്നാണ് മിന്നൽ പണിമുടക്ക് അവസാനിച്ചതും ‘സർവ്വീസ് പുന:രാരംഭിച്ചതും.ജീവനക്കാരെ മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് അറിയിച്ചു.






































