ശാസ്താംകോട്ട. ഭരണിക്കാവ് ട്രാഫിക് പരിഷ്‌കാരത്തിൻ്റെ പേരിൽ വ്യാപാരികൾ അടക്കമുള്ള പൊതുജനങ്ങൾ ബുദ്ധിമുട്ടുന്നതില്‍പ്രതിഷേധിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് നേതൃത്വത്തില്‍ ബുധനാഴ്‌ച വൈകിട്ട് 3.00 മണിക്ക് കടകമ്പോളങ്ങൾ അടച്ച് പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും നടത്തും. ജില്ലാ പ്രസിഡന്റ് എസ് ദേവരാജന്‍ ഉദ്ഘാടനം ചെയ്യും.
ബസ്സുകൾ നിലവിലെ സ്റ്റോപ്പുകളിൽ നിർത്താത്തതിനാൽ ബാങ്കുകൾ, വ്യാപാര സ്ഥാപ നങ്ങൾ, ട്യൂഷൻ സെൻററുകൾ, എന്നിവിടങ്ങളിലേക്ക് പോകേണ്ട വിദ്യാർത്ഥികൾ, പ്രായമായവർ, രോഗികൾ, സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ദീർഘദൂരം നടക്കേണ്ടി വരികയും സമയനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഭരണിക്കാവിന് ചുറ്റും താമസിക്കുന്ന പൊതു ഗതാഗതത്തെ ആശ്രയിക്കുന്ന ജനങ്ങൾക്ക് നിലവിലെ സ്റ്റോപ്പുകൾ പ്രവർത്തിക്കാത്തതിനാൽ യാത്ര വളരെ ദുഷ്‌കരമായി. പല മേഖലയിലും പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
നിലവിലുള്ള ബസ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കിയും, കയറ്റിയും, പാർക്കിംഗ് ഒഴിവാക്കിയും സൗകര്യമൊരുക്കുക,. ബസ്ബേയിലെ മറ്റു വാഹനങ്ങളുടെ പാർക്കിംഗ് ഒഴിവാക്കുക,. അടുത്തുള്ള ബൈപ്പാസ് റോഡുകൾ സൈൻ ബോർഡുകൾ സ്ഥാപിച്ച് യാത്രാ യോഗ്യമാക്കുക, . ബൈപ്പാസ് റോഡുകൾ സജ്ജമാക്കി ശാസ്‌താംകോട്ട ഭാഗത്തേക്ക് പോകേണ്ടതും ശാസ്‌താം കോട്ടയിൽ നിന്നും മറ്റ് റൂട്ടുകളിലേക്ക് പോകേണ്ടതുമായ വാഹനങ്ങൾ ഒഴികെയുള്ളവർക്ക് ജംഗ്ഷനിൽ വരാതെതന്നെ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുക എന്നിവയാണ് ആവശ്യങ്ങള്‍.






































