ശാസ്താംകോട്ട:മൈനാഗപ്പള്ളി ഇടവനശേരിയിൽ വീട്ടിലെ ഫ്രിഡ്ജ് കത്തിനശിച്ചു.ഇടവനശേരി പുതുശേരിൽ വിജയകുമാറിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ 3ഓടെയാണ് സംഭവം.അടുക്കളയിൽ ഗ്യാസ് കണക്ഷൻ സ്ഥാപിച്ച ഭാഗത്തിന് അടുത്തായി ഉണ്ടായിരുന്ന ഫ്രിഡ്ജാണ് കത്തിയത്.പുക പടർന്നത് ഗൃഹനാഥന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ഒഴിവായത് വൻ ദുരന്തമാണ്.വീട്ടിലാകെ അസഹ്യമായ ഗന്ധത്തോടെ പുക പടരുന്നത് ശ്രദ്ധയിൽപ്പെട്ട വിജയകുമാർ അടുക്കളയിൽ എത്തി നോക്കുമ്പോൾ ഫ്രിഡ്ജിൻ്റെ ഡോർ ഭാഗം കത്തി എരിയുന്നതാണ് കണ്ടത്.ഭയചകിതനായെങ്കിലും ധൈര്യം കൈവിടാതെ ഉടൻ തന്നെ ഭാര്യയെയും മറ്റ് മുറികളിൽ ഉറങ്ങുകയായിരുന്ന പെൺമക്കളെയും വീടിന് പുറത്തിറക്കിയ ശേഷം ഫ്രിഡ്ജിന് മുകളിലേക്ക് ശക്തമായി വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു.ഇടയ്ക്കിടെ വെള്ളം ഒഴിച്ചതോടെയാണ് പുക ശമിച്ചത്.ഫയർഫോഴ്സിൽ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല.ഏഴ് വർഷം പഴക്കമുള്ളതാണ് ഫ്രിഡ്ജ്.ഷോർട് സർക്യൂട്ടല്ല തീപിടുത്തത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.






































