ശാസ്താംകോട്ട:പൊതുജനങ്ങൾക്കും ഗതാഗതത്തിനും ഭീഷണിയായ കൂറ്റൻ പാല മരം മുറിച്ചു മാറ്റാനുള്ള ശ്രമത്തിൽ കെഎസ്ഇബി കാട്ടിയ നിസഹരണത്തിൽ പ്രതിഷേധം ശക്തം.തിരക്കേറിയ കാരാളിമുക്ക് – കടപുഴ റോഡിൽ കാരാളിമുക്ക് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപമാണ് ഏത് നിമിഷവും നിലംപതിക്കാവുന്ന തരത്തിൽ മരം നിലകൊള്ളുന്നത്.പരാതികൾ വ്യാപകമായതോടെ പഞ്ചായത്ത് നടത്തിയ ലേലത്തിൽ 8000 രൂപയ്ക്ക് ഈ മരം സ്വകാര്യ വ്യക്തി വാങ്ങുകയുണ്ടായി.ഇന്ന്
മരം മുറിച്ച് മാറ്റാനായിരുന്നു തീരുമാനം.ഇതിൻ്റെ ഭാഗമായി കാരാളിമുക്ക് ടൗണിൽ രാവിലെ മുതൽ വൈദ്യുതിയും വിഛേദിച്ചിരുന്നു.എന്നാൽ മരത്തിന് സമീപത്തായുള്ള ഇലക്ട്രിക് ലൈനുകൾ അഴിച്ചു മാറ്റാൻ കെഎസ്ഇബി അധികൃതർ തയ്യാറായില്ല.കോൺഗ്രസ് നേതാവ് സുരേഷ് ചന്ദ്രൻ അടക്കമുള്ളവർ പല തവണ ശാസ്താംകോട്ട സെക്ഷൻ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.ലൈനുകൾ അഴിച്ചുമാറ്റി സുഗമമായി മരം മുറിച്ച് മാറ്റുന്നതിന്
മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തടസം സൃഷ്ടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.വൈകുന്നേരം വരെ കാത്ത ശേഷം മരം വാങ്ങിയവർ മടങ്ങുകയായിരുന്നു.അതിനിടെ വിവരം അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതരും തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.






































