ശാസ്താംകോട്ട:വീട്ടിൽ സമാന്തര ബാർ നടത്തി വരികയായിരുന്ന യുവാവ് പിടിയിൽ.ശൂരനാട് വടക്ക് പടിഞ്ഞാറ്റുമുറി വിനോദ് ഭവനത്തിൽ സന്തോഷാണ്(42) ശാസ്താംകോട്ട എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്.മറ്റൊരു പ്രതിയായ പ്രദീപിനെ(45) പിടികൂടാനായില്ല.ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.ഏറെ നാളായി വീട് കേന്ദ്രീകരിച്ച് സമാന്തര ബാർ നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറയുന്നു.
നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് നിരവധിതവണ പരിശോധന നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താനായില്ല.വ്യാജമദ്യം അനധികൃതമായി സൂക്ഷിച്ച് 200 മില്ലിയുടെ ഫ്രൂട്ടി കുപ്പികളിലായി വിൽപ്പന ചെയ്തു വരികയായിരുന്നു.അസി.എക്സൈസ് ഇൻസ്പെക്ടർ പി.അജയകുമാർ, പ്രിവന്റ്റീവ് ഓഫിസർ പ്രസാദ്,സിഇഒമാരായ രാകേഷ്,അതുൽ കൃഷ്ണൻ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നീതു പ്രസാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.






































