വ്യാപാരികളുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കി  എംഎൽഎ;ഭരണിക്കാവിലെ ട്രാഫിക് പരിഷ്ക്കാരങ്ങൾ റദ്ദാക്കി

Advertisement

ശാസ്താംകോട്ട:പോലീസും മോട്ടോർ വാഹന വകുപ്പും എതിർത്തിട്ടും വ്യാപാരികളുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കി ഭരണിക്കാവിലെ ട്രാഫിക് പരിഷ്ക്കാരങ്ങൾ റദ്ദാക്കി.കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ നിശ്ചയദാർഡ്യമില്ലായ്മ വീണ്ടും വെളിപ്പെടുന്നതായിരുന്നു കീഴടങ്ങൽ എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.ഭരണിക്കാവിലെ അതിരൂക്ഷമായ ഗതാഗതകുരുക്കിന് പരിഹാരമെന്ന നിലയിലാണ് ബസ് സ്റ്റാൻഡ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.ഇതിനായി 15 ലക്ഷം ചെലവിൽ സ്റ്റാൻഡ് നവീകരിക്കുകയും ചെയ്തിരുന്നു.നിരന്തരമായി താലൂക്ക് വികസന സമിതി യോഗത്തിൽ ഭരണിക്കാവിലെ ഗതാഗത പ്രശ്നം ചർച്ചയാകാറുണ്ട്.പരിഹാരമെന്ന നിലയിൽ സ്റ്റാൻ്റിൻ്റെ പ്രവർത്തനമാണ് എല്ലാവരും ചൂണ്ടിക്കാട്ടിയിരുന്നത്.കഴിഞ്ഞ മാസം അവസാനത്തോടെ സ്റ്റാൻ്റ് പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ശക്തമായ തീരുമാനങ്ങൾ എടുത്തെങ്കിലും പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് പ്രവർത്തനമാരംഭിച്ചത്. സ്വകാര്യ – കെഎസ്ആർടിസി ബസുകൾ സ്റ്റാൻ്റിൽ കയറി ടൗണിലെ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിധിവരെ പരിഹാരമായ ഘട്ടത്തിലാണ് അട്ടിമറി നടന്നിരിക്കുന്നത്.എക്കാലത്തും സ്റ്റാൻ്റിന് എതിരായി  നിൽക്കുന്ന ഒരു സംഘം വിവിധ വേദികളിലൂടെ പ്രചരണവുമായി രംഗത്ത് എത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം വ്യാപാരികൾ ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.തുടർന്നാണ് എംഎൽഎ ചർച്ചയ്ക്ക് തയ്യാറായത്.അടുത്ത ദിവസം മുതൽ ഭരണിക്കാവ് പഴയ ഭരണിക്കാവ് തന്നെയാകും.

Advertisement