ശാസ്താംകോട്ട:പാർലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം അമിതമായ മുസ്ലിം പ്രീണനമാണെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ വർഗീയമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുക്കാൻ കുന്നത്തൂർ യൂണിയൻ കൗൺസിൽ യോഗം തീരുമാനിച്ചു.യോഗത്തിൽന്യൂനപക്ഷ പ്രീണനനയം മൂലം പിന്നോക്ക,പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങൾ വിപ്ലവ പ്രസ്ഥാനങ്ങളിൽ നിന്ന് അകന്നുപോയെന്നും, ഇത് ബിജെപിയുടെ വോട്ടുവിഹിതം വർധിപ്പിക്കാൻ കാരണമായെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയത് കേരള രാഷ്ട്രീയത്തിലെ യാഥാർത്ഥ്യമാണെന്ന് കൗൺസിൽ വിലയിരുത്തി.കേരളത്തിന്റെ പൊതുസമ്പത്ത് അധികാരബലത്തിൽ ന്യൂനപക്ഷങ്ങൾക്ക് വലിയ തോതിൽ ലഭിച്ചിട്ടുണ്ടെന്നും, ഇത് ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ വെള്ളാപ്പള്ളിയെയോ യോഗത്തെയോ അപമാനിക്കാൻ അനുവദിക്കില്ല.വെള്ളാപ്പള്ളിയെ വിമർശിക്കുന്ന ചില മുസ്ലിം നേതാക്കളാണ് യഥാർത്ഥ വർഗീയവാദികളെന്ന് കൗൺസിൽ ആരോപിച്ചു.ഇവർ വിദേശത്ത് നടത്തിയ തീവ്രവാദ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണെന്നും,സത്യം പറയുന്നവരെ വർഗീയവാദികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും യോഗം പ്രഖ്യാപിച്ചു.യൂണിയൻ പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി റാം മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.ഡയറക്ടർ ബോർഡ് അംഗം ബേബി കുമാർ,യൂണിയൻ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.






































