ശാസ്താംകോട്ട. ടൗണിലെ വൈദ്യുതി പ്രശ്നം പരിഹരിക്കണമെന്നു ആവശ്യപ്പെട്ടു, വ്യാപാരി വ്യവസായി ഏകോപന സമിതി ശാസ്താകോട്ട യൂണിറ്റ് മന്ത്രി കൃഷ്ണന്‍കുട്ടിക്ക് നിവേദനം നൽകി
ശാസ്താംകോട്ട ജംഗ്ഷൻ കേന്ദ്രീകരിച്ച് സ്ഥിരമായി വൈദ്യുതിതടസ്സം നേരിടുകയാണ്. ശാസ്താംകോട്ട ജംഗ്ഷനിലെ വ്യാപാരികൾ തന്മൂലം വലിയ പ്രതിസന്ധിയിലാണ്. വൈദ്യുതി ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, പ്രിൻ്റിങ് പ്രസുകൾ, ബേക്കറികൾ, ജ്യൂസ് സെന്റ റുകൾ തുടങ്ങിയ സ്ഥാപനങ്ങൾ വൻപ്രതിസന്ധിയിലാണ്. നിരന്തരം വൈദ്യുതിതടസ്സം നേരിടുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. കേടുകൂടാതെ ഫ്രീസർ സംവിധാനത്തിൽ സൂക്ഷിക്കേണ്ട ഭക്ഷ്യവസ്തുക്കൾ വൈദ്യുതിതടസ്സം കാരണം ശൂന്യമാവുകയും അതുമൂലം വ്യാപാരികൾക്ക് വൻ സാമ്പത്തികനഷ്‌ടം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിൽ പ്രവർത്തിക്കുന്ന പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു.
ശാസ്താംകോട്ട ജംഗ്ഷനിൽ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുഴികൾ സ്ഥാപിച്ചത് പൂർവസ്ഥിതിയിലാക്കാത്തതുമാലം വിദ്യാർഥികളും വാഹനങ്ങളും അപകടത്തിൽപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. പോസ്റ്റ് മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട ജംഗ്ഷനിൽ ഇപ്പോഴും ഉപയോഗശൂന്യമായ ഇരുമ്പ് ഉപകരണങ്ങൾ വ്യാപാരസ്ഥാപനങ്ങളുടെ മുൻവശത്ത് അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുന്നു. പ്രസ്‌തുത വിഷയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ട നടപടികൾ ഉണ്ടായിട്ടില്ല. ആഞ്ഞിലിമൂട് റോഡിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയുടെ മുൻവശം ഗതാഗത തടസ്സമായി തടി പോസ്റ്റുകൾ നിക്ഷേപിച്ചിരിക്കുന്നു. പ്രസ്‌തുത ഭൂമിയുടെ ഉടമയ്ക്ക് ഭൂമിയിൽ നിർമ്മാണപ്രവർത്തനം നടത്തുന്നതിന് പോസ്റ്റുകൾ മാറ്റിത്തരണമെന്ന് രേഖാമൂലം ഉദ്യോഗസ്ഥരെ അറിയിച്ചിട്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ശാസ്താംകോട്ട സെക്ഷൻ ഓഫീസിൽ ഉപഭോക്താക്കളുടെ ബാഹുല്യം കാരണം ശരിയായ രീതിയിൽ സേവനം നൽകാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ശാസ്‌താംകോട്ട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്, ഉപഭോക്താക്കളുടെ എണ്ണമനുസരിച്ച് രണ്ട് സെക്ഷൻ ആയി മാറ്റി പടിഞ്ഞാറെക്കല്ലടയിലെ കാരാളിമുക്ക് കേന്ദ്രീകരിച്ച് പുതിയ സെക്ഷൻ ഓഫീസ് ആരംഭിച്ച് പ്രസ്തുത വിഷയങ്ങൾക്ക് പരിഹാരം കാണാവുന്നതാണ് എന്നും നിവേദനത്തില്‍ പറയുന്നു..
പ്രസ്തുത വിഷയങ്ങളിൽ മന്ത്രി അടിയന്തരമായി ഇടപെട്ട് പരിഹാരമാർഗ്ഗങ്ങൾ ഉണ്ടാക്കണമെന്ന് പ്രസിഡന്റ് മാർട്ടിൻ ഗിൽബർട്ട്, ഭാരവാഹികളായ, ദിലീപ് കുമാർ, റഷീദ് വട്ടവിള, അലക്സ്, തുടങ്ങിയവർ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.






































