ശൂരനാട്:സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കാപ്പ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഉൾപ്പെടെ രണ്ടു പേർ പോക്സോ വകുപ്പ് പ്രകാരം പോലീസിന്റെ പിടിയിലായി.ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് കലതിവിള വീട്ടിൽ സവാദ് (24), ശൂരനാട് വടക്ക് ആനയടി മുറിയിൽ കാവിന്റെ മേലതിൽ വീട്ടിൽ ആദിത്യൻ (20)എന്നിവരെയാണ് ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ സവാദ് വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമ പ്രകാരം മുൻപ് നാടുകടത്തപ്പെട്ടിട്ടുളള ആളുമാണ്.ഈ മാസം 8 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ ചുറ്റി തിരിയുകയായിരുന്ന പ്രതികൾ വിജനമായ സ്ഥലത്ത് വെച്ച് കണ്ടു കുട്ടിയുടെ അടുത്തെത്തി ശാരീരിക ഉപദ്രവത്തിനു ശ്രമിക്കുകയും പെൺകുട്ടി നിലവിളിച്ച് ബഹളം വെച്ചപ്പോൾ പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നു.പ്രതികളെ കണ്ടെത്തുന്നത് ഏറെ പ്രയാസകരമായിരുന്നു.യാതൊരു സൂചനയും ലഭിക്കാതിരുന്ന കേസിൽ
മൂന്ന് ആഴചയായി പോലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞു വാഹനങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ദീപു പിള്ള,രാജേഷ്,ഹരിലാൽ,എഎസ്ഐ സതീശൻ,സിപിഒമാരായ രാഗേഷ്,സിബി, അരുൺ ബാബു,വിഷ്ണു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.






































