ഉഴുതുമറിച്ച പാടം’ പോലെ പുത്തനമ്പലം റോഡ്

Advertisement

‘കുന്നത്തൂർ:കടമ്പനാട്,കുന്നത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ തുടക്കം മുതൽ ഒടുക്കം വരെ റോഡിലൂടെ ചാടിക്കടക്കാനും പറ്റില്ല,നീന്തി കടക്കാനും പറ്റില്ല.രണ്ടും കല്പിച്ച് ഇറങ്ങിയാൽ മുട്ടൊപ്പം ചെളിയിൽ പുതയും.വർഷങ്ങളായി തകർന്നു തരിപ്പണമായി കിടക്കുന്ന റോഡ് ‘ഉഴുതുമറിച്ച പാടം’ പോലെയായിട്ടും സഞ്ചാര യോഗ്യമാക്കാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎയും
പൊതുമരാമത്ത് വകുപ്പ് അധികൃതരും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.കുന്നത്തൂർ നെടിയവിള – വേമ്പനാട്ടഴികത്ത് റൂട്ടിൽ കുന്നത്തൂർ ഈസ്റ്റ് പോസ്റ്റ് ഓഫീസ് മുതൽ റോഡ് അവസാനിക്കുന്നതു വരെ എണ്ണിയാൽ ഒടുങ്ങാത്ത കുഴികളാണുള്ളത്.കോയിക്കൽ മുക്ക് ഉൾപ്പടെയുള്ള ഭാഗങ്ങളിൽ പുഴയായി മാറിയിട്ടുണ്ട്.കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയേത്,റോഡേത് എന്നറിയാതെ സ്കൂട്ടർ യാത്രികർ ഉൾപ്പെടെ വീഴുന്നതും പരിക്കേൽക്കുന്നതും പതിവാണ്.കാൽനടയാത്ര പോലും അസാധ്യമായ ഈ റൂട്ടിൽ ബസ് സർവ്വീസകളിൽ പലതും നിർത്തലാക്കിയിരിക്കയാണ്. ഓട്ടോറിഷകളും ഓട്ടോ വരാൻ മടിക്കുന്നു.ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലടക്കം ചെളി പുരളുന്നതിനാൽ വിദ്യാർത്ഥികൾ അടക്കമുള്ളവർ പലപ്പോഴും വീടുകളിലേക്ക് തിരികെ മടങ്ങുകയാണ് പതിവ്.വെള്ളക്കെട്ടും ചെളിക്കുണ്ടുമായ
റോഡിന്റെ പരിസരത്ത് താമസിക്കുന്നവരുടെയും കച്ചവടക്കാരുടെയും ദുരിതം പറഞ്ഞറിയിക്കാൻ കഴിയില്ല.അടൂർ,ഏനാത്ത്,കടമ്പനാട്, മണ്ണടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ എളുപ്പമാർഗമായി തെരഞ്ഞെടുക്കുന്ന പാത കൂടിയാണിത്.ഐവർകാല,ഞാങ്കടവ്,
പുത്തനമ്പലം പ്രദേശവാസികൾക്ക് കുന്നത്തൂർ പഞ്ചായത്ത് ആസ്ഥാനത്തേക്ക് മറ്റ് എത്തിച്ചേരാനുള്ള മാർഗം കൂടിയാണിത്.നിരവധി തവണ എംഎൽഎയ്ക്കും പിഡബ്ല്യൂഡി അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു
.പ്രതിഷേധം ഭയന്ന് എംഎൽഎ ഇതുവഴി സഞ്ചരിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.

പുത്തനമ്പലം റോഡിൻ്റെ തകർച്ച;ഉപരോധ സമരവുമായി യുഡിഎഫ്

കുന്നത്തൂർ:പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കുന്നത്തൂർ നെടിയവിള – പുത്തനമ്പലം -വേമ്പനാട്ടഴികത്ത് മുക്ക് റോഡിൻ്റ തകർച്ചയിൽ പ്രതിഷേധിച്ച് യുഡിഎഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയിക്കൽ മുക്കിൽ റോഡ് ഉപരോധിച്ചു.വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡിൽ ടാറിൻ്റെ തരിപോലും കാണാനില്ലാത്ത സ്ഥിതിയാണ്.മഴ ശക്തമായതോടെ ചെറുതും വലുതുമായ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയേത് റോഡേത് എന്നറിയാതെ യാത്രക്കാർ അപകടങ്ങളിൽപ്പെടുന്നതും പതിവാണ്.റോഡിൻ്റെ തകർച്ച മൂലം ബസ് സർവ്വീസുകൾ പോലും നിർത്തലാക്കിയിരിക്കയാണ്.നിരവധി തവണ എംഎൽഎയ്ക്കും പിഡബ്ല്യൂഡി അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.പുഴയായി മാറിയ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദ്യഘട്ടമെന്ന നിലയിൽ ഉപരോധവുമായി യുഡിഎഫ് രംഗത്തെത്തിയത്.സമരത്തിൻ്റെ ഭാഗമായി റോഡിലെ കുഴിയിൽ പ്രവർത്തകർ വാഴ നടുകയും ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ റ്റി.എ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കുന്നത്തൂർ പ്രസാദ്, ഷിജാ രാധാകൃഷ്ണൻ,റെജി കുര്യൻ, ജോസ് സുരഭി,ചെല്ലപ്പൻ ഇരവി,ഹരി പുത്തനമ്പലം,ഹരികുമാർ കുന്നത്തൂർ, കുന്നത്തൂർ മനോഹരൻ,മാമ്മച്ചൻ ,ലിസി തങ്കച്ചൻ,സാംകുട്ടി,കുന്നത്തൂർ വിക്രമൻ,അശോകൻ,ജയൻ,ആരോമൽ രാജീവ് എന്നിവർ സംസാരിച്ചു.

Advertisement