കോവൂര്‍.വിദ്യാർഥി ഷോക്കേറ്റു മരിച്ച കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ കുട്ടികൾക്കായി നാളെയും കൗൺസിലിംഗ് തുടരും. കഴിഞ്ഞദിവസം ക്ലാസ്സിൽ എത്താതിരുന്ന കുട്ടികൾക്കായാണ് കൗൺസിലിംഗ് സംഘടിപ്പിച്ചിട്ടുള്ളത്.
ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകുന്നത്. മിഥുൻ വൈദ്യുത ലൈനിൽ ഷോക്കേറ്റ് പിടഞ്ഞു വീണത് നേരിൽക്കണ്ടവരടക്കം മുഴുവൻ വിദ്യാർത്ഥികൾക്കും കൗൺസലിങ് നൽകുന്നുണ്ട്. ചൈൽഡ് ലൈനിൽ നിന്നുള്ള നാലു വീതം ഉദ്യോഗസ്‌ഥരാണ് മൂന്നു ദിവസങ്ങളിലായ് കൗൺസിലിംഗ് നൽകുന്നത്. ഒരു പിരീഡ് ആണ് കൗൺസിലിംഗ്. അതേസമയം, ചൊവ്വാഴ്ച മുതൽ സ്കൂളിൽ ക്ലാസുകൾ പുനരാരംഭിച്ചു. ആറു ദിവസങ്ങൾക്ക് ശേഷമാണ് ക്ലാസുകൾ പുനരാരംഭിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമാക്കി സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി വിദ്യാഭ്യാസ വകുപ്പിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ സ്‌കൂൾ പരിസരത്ത് ഭീഷണി ഉയർത്തി നിന്ന മരങ്ങളും കാലഹരണപ്പെട്ട വാട്ടർ ടാങ്കും ഒഴിവാക്കി. സ്‌കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസി.എൻജിനീയർ എന്നിവരെ പ്രതിയാക്കി ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.






































