ചവറ. ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ഷാർജയിലെ
ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം കോയിവിള സ്വദേശി അതുല്യ ശേഖറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ഊർജ്ജിതമാക്കി. പോസ്‌റ്റ്മോർട്ടം ഷാർജയിൽ പൂർത്തിയായിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് റിപ്പോർട്ടും ലഭിച്ച ശേഷമാകും മൃതദേഹം നാട്ടിൽ എത്തിക്കുക. മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരി അഖിലയും ഭർത്താവ് ഗോകുലും ഷാർജ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ നൽകിയ പരാതിയിൽ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെതിരെ കേസെടുത്തിട്ടുള്ളത്. തെക്കുംഭാഗം സി ഐ യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഈ മാസം 19 നാണ് അതുല്യയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ ക്രൂര പീഡനത്തിന്റെ ചിത്രങ്ങളും പീഡനം വിവരിക്കുന്ന അതുല്യയുടെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. ഇവയൊക്കെ നിർണായക തെളിവുകളായ് അന്വേഷണസംഘം ശേഖരിച്ചിട്ടുമുണ്ട്.






































