പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് സെകട്ടറി ദീലീപ് ടി വി എസിനെ കുറിച്ചുള്ള അനുഭവം കുറിക്കുന്നു:
പടിഞ്ഞാറെ കല്ലടയെ സ്നേഹിച്ച വി എസ്.
വർഷങ്ങൾ മുമ്പ് വി എസ് പടിഞ്ഞാറെ കല്ലടയിൽ നടത്തിയ പാരിസ്ഥിതികമായ ഇടപെടലിൻ്റെ കഥ.
വി എസ് സർക്കാർ അധികാരമേറ്റ് 6 മാസമായപ്പോഴാണ് വീട്ടിൽ അച്ഛൻ്റെ രോഗാവസ്ഥ പരിഗണിച്ച് ഞാൻ മലപ്പുറത്തു നിന്നും കൊല്ലത്തേക്ക് ഒരു സ്ഥലം മാറ്റത്തിന് ശ്രമിച്ചത്.
വീട്ടിൽ നിന്നും പോയി വരാവുന്ന ദൂരത്തിൽ പടിഞ്ഞാറെ കല്ലട മാത്രമേ അന്ന് വേക്കൻസിയുള്ളൂ.
മണൽകടവുകളും ഇഷ്ടികച്ചൂളകളും തലവേദനയാകുന്ന സ്ഥലമെന്ന് ജീവനക്കാർക്കിടയിൽ പേരുള്ള സ്ഥലം.
പ്രസിഡൻ്റ് ബി ഗിരിജ, എൻ യശ്പാൽ, പ്രസാദ്,എസ് സുബ്രഹ്മണ്യൻ,ചന്ദ്രൻ പിള്ള, മാധവൻ പിളള, എ സാബു,ഗിരിജാകുമാരി, സുമ ,ഓമനക്കുട്ടൻ പിള്ള രാധാകൃഷ്ണൻ, സുഭാഷിണി , ജയമോഹിനി തുടങ്ങിയവരാണ് കമ്മിറ്റിയിൽ .
സെക്രട്ടറിയായിയിരുന്ന് പ്രമോഷൻ ലഭിച്ച അഷ്റഫ് ഖാൻ സാറിനെ വിളിച്ച് പൊതു ട്രൻഡ് മനസ്സിലാക്കി രണ്ടും കല്പിച്ച്
2006 ഡിസം 1ന് ജോയിൻ ചെയ്തു.
മറ്റ് പഞ്ചായത്തുകൾ അഭിമുഖീകരിക്കാത്ത രണ്ട് വിഷയങ്ങൾ മണലും ഇഷ്ടിക ചൂളയും ഇവിടുത്തെ പ്രത്യേകതകൾ
ദിവസേന പരാതിയും തെറി വിളിയും ‘. ക്ളാർക്കുമാരായ ബിജുവിൻ്റെയും പ്രവീൺ രാജിൻ്റെയും ബൈക്കാണ് എൻ്റെ ഔദ്യോഗിക വാഹനം.
മണൽക്കടവിൽ ഉണ്ടാകുന്ന കശപിശകൾ അവിടെ തുടങ്ങി അവിടെ അവസാനിക്കുന്നതാണ്.
ഇഷ്ടികച്ചൂള അങ്ങനെയല്ല, തുറസായ സ്ഥലത്ത് ചൂള കത്തിച്ചാൽ മൂന്ന് ദിവസത്തേക്ക് പരിസരത്ത് ജീവിതം അസഹ്യം. റോഡ് സൈഡിലെ ചൂളകൾ കത്തിച്ചാൽ വഴിയാത്ര പോലും ദുസഹം. ഇതിനെ തിരെ ശ്രീകണ്ഠൻ നായർസാറും സനാതനൻ നായർ സാറുമൊക്കെ
പ്രതിഷേധിക്കുന്ന കാലം.
പരാതിയുള്ളവയൊക്കെ ഒരു മാസക്കാലമൊക്കെ പൂട്ടി സീൽ ചെയ്തിട്ടുണ്ട്.
മലിനീകരണ നിയന്ത്രണ ബോർഡ് പൊതുവിൽ ചില നിർദ്ദേശങ്ങൾ തരുന്നതിനപ്പുറം ശാസ്ത്രീയമായ ഒന്നും പറഞ്ഞിരുന്നില്ല.
അങ്ങനെയിരിക്കെയാണ് മുഖ്യമന്ത്രി വി എസ് ൻ്റെ കുറിപ്പോട് കൂടി ഒരു പരാതി അയച്ചു കിട്ടിയത്. പരാതി ഗൗരവമാണെന്നും അടിയന്തിരമായും പരിഹാര മാർഗ്ഗങ്ങൾ സഹിതം റിപ്പോർട്ട് അയക്കണമെന്നുമാണ് കുറിപ്പ്.
അന്ന് 42 കട്ടച്ചുളകൾ ഉണ്ട്. മൊത്തം പരിശോധിച്ചു ഓരോന്നിൻ്റെയും നല്ലതും ചീത്തയും നോട്ടാക്കി. 42 ഫയലുകളും വീട്ടിൽ കൊണ്ടിട്ട് നോട്ട് സമഗ്രമാക്കി.
അവസാനം പരിഹാര നിർദ്ദേശങ്ങൾ വേണം.
> മലിനീകരണ നിയന്ത്രണ ബോർഡ് ഓരോന്നിനും ഓരോ റിപ്പോർട്ട് നൽകണം.
> ശാസ്ത്രീയമായ ഒരു പൊതു ഡിസൈൻ മലിനീകരണ നിയന്ത്രണ ബോർഡ് നൽകണം.
> പ്രാദേശികമായി ചെളിയെടുപ്പ് നിരോധിക്കണം.
ഇവയായിരുന്നു പത്തോളം നിർദ്ദേശങ്ങളിൽ പ്രധാനം.
കമ്പ്യൂട്ടർ ഇല്ലാത്ത ഓഫീസ് A4 പേപ്പറിൽ 50 പേജ് സമഗ്ര റിപ്പോർട്ടുണ്ടാക്കി ബിജു മുഖാന്തിരം എത്തിച്ചു.
പിന്നീട് നടന്നതാണ് ശ്രദ്ധേയം. റിപ്പോർട്ട് പഠിച്ച വി എസ് നിർദ്ദേശങ്ങൾ ഒന്നാകെ അംഗീകരിച്ച് കൃത്യമായ ആക്ഷൻ പ്ലാനും ഡിസൈനും പടിഞ്ഞാറെ കല്ലടയുടെ അനുഭവത്തിൽ കേരളമാകെ ബാധിക്കും വിധം തയ്യാറാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനെ ചുമതലപെടുത്തി. ഡിസൈൻ തയ്യാറാക്കുന്നതിൽ അവർക്ക് പരിചയക്കുറവ്. അവർ ഓപ്പൺ ചൂളകളെ മാത്രമേ കണ്ടിരുന്നുള്ളൂ.
വീണ്ടും വി എസിൻ്റെ കുറിപ്പ്. പുരോഗതി റിപ്പോർട്ട് നൽകുക. ബുദ്ധിമുട്ടുകൾ സഹിതം.
തത് സ്ഥിതി റിപോർട്ട് നൽകി. ഒരാഴ്ചക്കകം സാക്ഷാൽ വിഎസ് വിളിക്കുന്നു. CM ഉടൻ ലൈനിൽ വരും wait ചെയ്യാൻ പറഞ്ഞപ്പോൾ എനിക്ക് തമാശയായി തോന്നി. പക്ഷേ , സെക്രട്ടറിയല്ലേ പേരെന്ത് എന്നാമുഖശേഷം റിപ്പോർട്ടും നിർദ്ദേശങ്ങളും നന്നായിയെന്നും പറഞ്ഞു. പിന്നീട് ഡിസൈൻ കിട്ടാത്ത കാര്യം ചോദിച്ചപ്പോൾ മലിനീകരണ നിയന്ത്രണ ബോർഡ് ആയത് തന്നില്ലെന്നും ഞാൻ ഒരെണ്ണം തയ്യാറാക്കി അയക്കാമെന്നും പറഞ്ഞു. അയക്കാൻ സമ്മതം മൂളി.
മുഖ്യമന്ത്രിക്ക് നൽകിയ വാക്കാണ് . കൂലങ്കഷമായ ചിന്തകൾക്കൊടുവിൽ ഒരു രൂപം തെളിഞ്ഞു. അത് സാധാരണ പേപ്പറിൽ വരച്ചിട്ടു. ഒരു എഞ്ചിനീയർ സുഹൃത്തിൻ്റെ സഹായത്താൽ അത് കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്ത് എടുത്തു.
അത് വീണ്ടും മുഖ്യമന്ത്രിക്ക് അയച്ചു. അദ്ദേഹമത് PCB ക്ക് അയച്ചിട്ട് ഇത് കേരളമാകെയുള്ള ഡിസൈൻ ആക്കി മാറ്റാൻ നിർദ്ദേശം നൽകി.
ചെളിയെടുപ്പ് കലക്ടർ നിരോധിച്ചു. പുതിയ ഡിസൈൻ നടപ്പാക്കണമെങ്കിൽ പൈസ കൂടുതൽ വേണമെന്നതിനാൽ ഓരോരുത്തർ ചൂള നിർത്തി. എത്രയോ പേർ ഓഫീസിലെത്തി തെറി പറഞ്ഞു.
2011 ഡിസംബർ ഒന്നിന് ഞാൻ അവിടെ നിന്നും പോരാൻ നേരം കട്ടച്ചൂളകൾ 4 ആയി കുറഞ്ഞു.
ഒരു മുഖ്യമന്ത്രി ഒരു നാടിൻ്റെ പാരിസ്ഥിതിക പ്രശ്നത്തിൽ എത്ര ശുഷ്കാന്തിയോടെയാണ് ഇടപെട്ടത് എന്നതാണ് ശ്രദ്ധേയം..
പിന്നീട് രണ്ട് മൂന്ന് വർഷശേഷം ബാക്കി ചൂളകളും നിർത്തലായി .
പിന്നീട് പ്രസിഡൻ്റ് ബി തൃദീപ് കുമാർ നേതൃത്വം നൽകിയ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് മണൽക്കടവുകളും നിന്നു.
അദ്ദേഹത്തിൻ്റെ മനുഷ്യപക്ഷം ചേർന്നുള്ള ഇത്തരം ഇടപെടലുകൾ ആണ് അദ്ദേഹത്തിന് ജനഹൃദയത്തിൽ കടന്നുകൂടാനായത്. വേണമെങ്കിൽ ഇഷ്ടിക ചൂള സംബന്ധിച്ച പ്രശ്നമാകയാൽ ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് മാറിനിൽക്കാമായിരുന്നു. അതിന് പകരം വിഎസ് നേരിട്ടു തന്നെ ഇടപെട്ടു. ഫോളോ അപ് നടത്തി. മാസങ്ങൾ മുമ്പ് തിരികെ പടിഞ്ഞാറേ കല്ലടയിൽ സെക്രട്ടറിയായി എത്തുമ്പോൾ അവിടെ പുകമണമുള്ള കാറ്റില്ല , വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തി ലൈറ്റിട്ടു പായുന്ന നിറലോറികളില്ല. പുതുതലമുറ ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു.
ജനഹിതമറിഞ്ഞു ജനത്തിനൊപ്പം നടന്ന ഒരാൾ വിട ചൊല്ലി
പ്രിയ വിഎസിന് വിട






































