ദുരന്തത്തെ മാടി വിളിച്ച് കുന്നത്തൂർ പനന്തോപ്പ് വടക്ക മുക്കിലെ ട്രാൻസ്ഫോർമർ

136
Advertisement

കുന്നത്തൂർ:തെങ്ങമം – കല്ലട മൂന്നുമുക്ക് റോഡിൽ തിരക്കേറിയ പാതയോരത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.കുന്നത്തൂർ പനന്തോപ്പ് വടക്ക മുക്ക് പാൽ സൊസൈറ്റിക്ക് മുൻവശത്തായാണ് ഏത് നിമിഷവും നിലം പൊത്താവുന്ന തരത്തിൽ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്.ഇതിനോട് ചേർന്നാണ്  കാത്തിരിപ്പ് കേന്ദ്രവും ബസ് സ്റ്റോപ്പും.സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാരെ കൂടാതെ ഗ്രാമവാസികൾ സമയം ചെലവഴിക്കാനെത്തുന്നതും ഇവിടെയാണ്.ക്ഷീര സംഘവും നിരവധി വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.സദാ തിരക്കേറിയ ഇവിടെ ട്രാൻസ്ഫോർമറിനു ചുറ്റും വേലി കെട്ടിയിട്ടുണ്ടെങ്കിലും ട്രാൻസ്ഫോർമറിനെ താങ്ങി നിർത്തിയിരിക്കുന്ന വലിയ പോസ്റ്റുകളും ലൈനുകളും റോഡിലേക്ക് ചാഞ്ഞ് നിൽക്കുകയാണ്.ശക്തമായ കാറ്റ് വീശുമ്പോൾ ജംഗ്ഷനിൽ നിന്നും ഭീതിയോടെ ആളുകൾ ഓടി മാറുകയാണ് പതിവ്.ട്രാൻസ്ഫോർമർ അപകട നിലയിലായ നിമിഷം മുതൽ കെഎസ്ഇബി കടമ്പനാട് സെക്ഷൻ ഓഫീസിൽ പരാതിയുമായി നാട്ടുകാർ കയറിയിറങ്ങുകയാണ്.ഉന്നത അധികൃതർക്കും പരാതി നൽകിയിരുന്നു.മാസങ്ങൾ നിരവധി കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല.പരാതിയുമായി എത്തുമ്പോൾ
പലപ്പോഴും ജീവനക്കാർ പുശ്ചത്തോടെയാണ് പ്രതികരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥി മിഥുൻ താഴ്ന്ന് കിടന്ന വൈദുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ചതിനെ തുടർന്ന് പനന്തോപ്പിലെ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.ദുരന്തത്തിനായി കാത്തിരിക്കാതെ അധികൃതർ പിടിവാശി ഉപേക്ഷിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പാപ്പച്ചൻ,പ്രദേശവാസിയായ ദീപു ആയുഷ് എന്നിവർ ആവശ്യപ്പെട്ടു.

Advertisement