ശാസ്താംകോട്ട:സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി വിളന്തറ സ്വദേശി മിഥുൻ(13) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള
പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.സ്കൂൾ മാനേജ്മെൻ്റ്,തേവലക്കര ഇലക്ട്രിക്കൽ സെക്ഷൻ എന്നിവർക്കെതിരെയാണ് പ്രധാനമായും അന്വേഷണം.സ്കൂൾ അധികൃതരെയും നാട്ടുകാരെയും വിദ്യാർത്ഥികളെയും നേരിൽ കണ്ട് വിവരങ്ങൾ അന്വേഷിച്ചു.വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.തേവലക്കരയിലെ വൈദ്യുതി ഓഫീസിലും എത്തി വിവരങ്ങൾ ശേഖരിച്ചു.നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ കുറ്റപത്രം തയ്യാറാക്കുകയുള്ളു.സ്കൂൾ അധികൃതരും വൈദ്യുതി ബോർഡും പ്രതികളാകാനുള്ള സാധ്യത വളരെ കൂടുതലാണ്.സംഭവ ദിവസം മിഥുൻ ചെരിപ്പെടുക്കാൻ കയറിയ ഷീറ്റിട്ട ഷെഡ് യാതൊരു അനുമതിയും കൂടാതെ അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.ഇതിനാൽ അന്നത്തെ മാനേജ്മെൻ്റ് കമ്മിറ്റിക്കെതിരെയും അന്വേഷണം ഉണ്ടാകും.അതിനിടെ സിപിഎം നേതാക്കൾ പ്രതിപ്പട്ടികയിലേക്ക് വരാനുള്ള സാധ്യത ഏറെയായതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയിൽ സിപിഎം ചവറ ലോക്കൽ സെക്രട്ടറി ഗോവിന്ദപിള്ള പ്രസിഡൻ്റും മൈനാഗപ്പളളി കിഴക്ക് ലോക്കൽ സെക്രട്ടറി തുളസീധരൻ പിള്ള മാനേജരുമാണ്.ചവറ,കുന്നത്തൂർ ഏരിയാ – ലോക്കൽ കമ്മിറ്റി അംഗങ്ങൾ അടങ്ങുന്ന സമിതിയാണ് സ്കൂളിൻ്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം നേതാക്കൾക്കെതിരെ പോലീസ് നടപടി ഉണ്ടായാൽ അത് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന കാഴ്ചപ്പാടും സിപിഎമ്മിനുണ്ട്.ഇതിനാൽ പോലീസിനുമേൽ സമ്മർദ്ദം ചെലുത്തി അന്തിമ കുറ്റപത്രം നൽകുന്നത് വൈകിപ്പിക്കാനും അത് വഴി കേസ് ദുർബലമാക്കാനുള്ള നീക്കങ്ങളാകും വരുംദിവസങ്ങളിൽ സിപിഎമ്മിന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കേണ്ടത്.