മിഥുനെ ഓർത്ത് വിതുമ്പി നാട്
ശാസ്താംകോട്ട:’അമ്മ വന്നെടാ കണ്ണു തുറക്കടാ പൊന്നുമോനെ’….മിഥുൻ്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച്,ആ കുഞ്ഞു മുഖത്തേക്ക് നോക്കി നെഞ്ചുപൊട്ടി സുജ ഉറക്കെ ഉറക്കെ വിളിച്ചെങ്കിലും അവൻ ഉണർന്നില്ല.ചെറു പുഞ്ചിരിയോടെ അപ്പോഴും അവൻ ഉറങ്ങുകയായിരുന്നു.ഇനിയൊരിക്കലും തിരിച്ചു വരാൻ കഴിയാത്ത ഉറക്കത്തിൽ തന്നെയായിരുന്നു കേരളത്തിൻ്റെ
മോനായി മാറിയ കുഞ്ഞു മിഥുൻ.മക്കളെ പോറ്റാനും വീട്ടിലെ കഷ്ടപ്പാടുകൾ അകറ്റാനുമായി കുവൈറ്റിൽ വീട്ടു ജോലിക്ക് പോയ സുജ,മകൻ്റെ മരണ വിവരമറിഞ്ഞ് ഇന്നാണ് നാട്ടിലെത്തിയത്. സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ വ്യാഴാഴ്ച രാവിലെ വൈദ്യുതാഘാതമേറ്റ് ജീവൻ പൊലിഞ്ഞ തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ (13) മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ചപ്പോൾ നാടും വീടും ഒന്നായി വിതുമ്പുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ വിലാപയാത്രയായി മിഥുൻ പഠിച്ചിരുന്ന സ്കൂളിൽ,അവൻ്റെ ജീവനെടുത്ത സ്കൂളിലെത്തിച്ച് പൊതുദർശനത്തിനു വച്ചു.അധ്യാപകരും സഹപാഠികളും ജനപ്രതിനിധികളും ഉൾപ്പെടെ വൻ ജനാവലി ഇവിടെ ആദരമർപ്പിച്ചു.പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ നിന്നും വിലാപയാത്രയായി സ്കൂളിലെത്തിച്ച ഭൗതിക ദേഹത്തിന് വഴി നീളേ നാട്ടുകാർ അന്ത്യോപചാരമർപ്പിച്ചു.കുഞ്ഞു മകനെ അവസാനമായി ഒരു നോക്ക് കാണാൻ
പാതയോരങ്ങളിൽ വലിയ ജനസഞ്ചയമാണ് കാത്തു നിന്നത്.ഉച്ചയോടെയാണ് വിളന്തറയിലെ മനുഭവനമെന്ന കൊച്ചു വീട്ടിലേക്ക് മിഥുൻ്റെ ചേതനയറ്റ ശരീരമെത്തിച്ചത്.അമ്മ സുജയെയും പിതാവ് മനുവിനെയും മുത്തശിയെയും ആശ്വസിപ്പിക്കുവാൻ ഏറെ പാടുപെട്ടു.മക്കളെ പോറ്റാനും വീട്ടിലെ കഷ്ടപ്പാടുകൾ അകറ്റാനുമായി കുവൈറ്റിൽ വീട്ടു ജോലിക്ക് പോയ സുജയുടെ കാതുകളിലേക്ക് മൂന്ന് മാസങ്ങൾക്കു ശേഷം തേടിയെത്തിയത് മകൻ്റെ വിയോഗ വാർത്തയായിരുന്നു.പൊന്നുമോൻ്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കിടന്ന് നെഞ്ചുപൊട്ടി അലമുറയിട്ട അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന ആകുലതയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.തേങ്ങലടക്കാൻ കഴിയാതെ മുത്തശ്ശിയും അധ്യാപികയും കുഴഞ്ഞു വീണു.
ഗദ്ഗദം പോലെ ഇടയ്ക്കിടെ മാനം മൂടി പെയ്ത മഴയെയും അവഗണിച്ച്
അന്ത്യാജ്ഞലി അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്.അവനെ മുൻപ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ പോലും വാവിട്ട് നിലവിളിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.വൈകിട്ട് 4.30 ഓടെ മതാചാരപ്രകാരം വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ കുഞ്ഞനുജൻ സുജിൻ തീ കൊളുത്തിയതോടെ മിഥുൻ കണ്ണീരോർമ്മയായി.പഠിച്ച് വളർന്ന് നല്ല നിലയിലെത്തി വീടിനും നാടിനും താങ്ങാൻ മോഹിച്ച് പഠിക്കാനെത്തിയ ആ കുഞ്ഞുമോൻ അധികൃതരുടെ അനാസ്ഥയിൽ എന്നെന്നേക്കും ഓർമ്മയായി മാറി..